ഗവർണറെ കാണാൻ സമയം തേടി; സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടായേക്കും

ബെംഗളൂരു: കർണാടകത്തിൽ അധികാരമാറ്റത്തിന് വഴിയൊരുക്കി മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെ പടിയിറക്കം വേഗത്തിലാക്കാൻ സിദ്ധരാമയ്യ ഒരുങ്ങുന്നു. വ്യാഴാഴ്ച ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിക്കാൻ സിദ്ധരാമയ്യ സമയം തേടി. രാജി സമർപ്പിക്കാനാണിതെന്നാണ് വിവരം.

അതിനിടെ, വ്യാഴാഴ്ച മന്ത്രിസഭാംഗങ്ങൾക്ക് പ്രാതൽവിരുന്ന് നൽകാൻ സിദ്ധരാമയ്യ തീരുമാനിച്ചിട്ടുണ്ട്. വിടപറയാനായാണ് വിരുന്ന് നടത്തുന്നതെന്ന് സൂചനയുണ്ട്. വിരുന്നിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യഗികവസതിയായ കാവേരിയിൽ രാവിലെ ഒൻപത് മണിക്കാണ് യോഗം. പ്രാതൽ വിരുന്നിനുശേഷമാവും ഗവർണറെ കാണാൻ പോകുക.

ബെംഗളൂരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് ബുധനാഴ്ച നടന്ന മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു അനുസ്മരണ പരിപാടിയിൽ സിദ്ധരാമയ്യ പങ്കെടുത്തില്ല. പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അദ്ദേഹത്തെ പ്രതീക്ഷിച്ച് മാധ്യമപ്രവർത്തകർ കെ.പി.സി.സി. ഓഫീസിനുമുൻപിൽ കാത്തുനിന്നിരുന്നു. എന്നാൽ, രാവിലെ വിധാൻ സൗധയിലെത്തിയ സിദ്ധരാമയ്യ നെഹ്‌റു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മടങ്ങി.

സിദ്ധരാമയ്യ രാജിവെച്ചാൽ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല ബുധനാഴ്ച ബെംഗളൂരുവിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News