കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പതിനെട്ട് പ്രതികളും പിടിയിലായതോടെ, നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും. സിദ്ധാർത്ഥനെ നാലിടത്ത് വച്ച് പ്രതികൾ മർദിച്ചു എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒറ്റയ്ക്ക് ഇരുത്തിയും ഒരുമിച്ച് ഇരുത്തിയുമാണ് ചോദ്യം ചെയ്യൽ.
മർദനം, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. ക്രിമിനൽ ഗൂഢാലോചനാ കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ട്. ഇതിന് പര്യാപ്തമായ തെളിവുകൾ പൊലീസിന് കിട്ടിയെന്നാണ് റിപ്പോർട്ടുകൾ. സിദ്ധാർത്ഥന്റെ വീട്ടിൽ സുരേഷ് ഗോപി ഇന്ന് സന്ദർശനം നടത്തും. രാവിലെ 6.30 ഓടെയാണ് നെടുമങ്ങാട്ടെ വീട്ടിലെത്തുക. സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിക്കും.
കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തിയിരുന്നു. കോൺഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയും വീട്ടിലെത്തി മാതാപിതാക്കളെ കാണാൻ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം ഗവര്‍ണര്‍ തേടിയ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കുന്നത്.
വയനാട് വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്.
എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവര്‍ണര്‍ പറഞ്ഞു.
ക്യാംപസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിന്‍ജോയാണെന്നും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍.ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാന്‍ഡിലാണ്. സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 31 പേര്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നിലെ കാരണം അറിയാമെന്നും അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുഹൃത്തിന്റെ വാട്സാപ്പ് സന്ദേശം. സിദ്ധാർഥന്റെ കൂടെ പഠിച്ച കുട്ടി സഹപാഠിക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം സിദ്ധാർഥനെതിരേ പരാതി നൽകിയ പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി വാസ്തവമാണോ എന്ന് അറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണം. പെൺകുട്ടിയുടെ പേര് കോളേജ് അധികൃതർക്ക് അറിയാം. എന്നാൽ ഇത് വെളിപ്പെടുത്താൻ കോളേജ് മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. മാധ്യമങ്ങൾ കണ്ടെത്തണം.
ഫെബ്രുവരി 14-ന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകുന്നത് 18-നാണ്. അത്തരത്തിൽ ഒരുപരാതി ഉണ്ടായിരുന്നെങ്കിൽ അന്ന് തന്നെ നൽകാമായിരുന്നുവെന്നും വേണ്ട നടപടികൾ അന്ന് തന്നെ സ്വീകരിക്കാമായിരുന്നുവെന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.
എസ്.എഫ്.ഐക്കെതിരേ ഗുരുതര ആരോപണമാണ് സിദ്ധാർഥന്റെ കുടുംബം ഉന്നയിക്കുന്നത്. പെൺകുട്ടിയുടെ പരാതി കിട്ടി എന്ന കാര്യം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. 14-ാം തീയതിയാണ് പ്രശ്നം ഉണ്ടായി എന്നാണ് പറയുന്നത്. എങ്കിൽ എന്തുകൊണ്ട് 18-ാം തീയതി വരെ കാത്തിരുന്നു. പോലീസിനേയോ കുടുംബത്തേയോ അറിയിക്കാമായിരുന്നല്ലോ. മരണം വരെ എന്തിനാ കാത്തിരുന്നത്.
മരിച്ചു കഴിഞ്ഞ് എന്തിനാ പരാതി നൽകിയത്. കുറ്റവാളിയെ ശിക്ഷിക്കാനാണ് പരാതി നൽകേണ്ടത്. അല്ലാതെ മരിച്ചുകഴിഞ്ഞ് കുറ്റവാളിയെ ശിക്ഷിച്ചിട്ട് എന്തിനാ. കൊന്നു തിന്നുകഴിഞ്ഞാലും വൈരാഗ്യം തീരില്ല. അതാണ് ആ സംഘടന. അവർ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഏതറ്റവും പോകാനുള്ള ചെന്നായക്കൂട്ടമാണ് അവർ.
മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യായിട്ടാണ് കേൾക്കുന്നത്. കൊന്ന് കഴിഞ്ഞ് കൊന്നവർ തന്നെയാണ് പരാതി നൽകുന്നത്- സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.സംഭവത്തിൽ പ്രതിചേർക്കപ്പെട്ട നാലുപേർക്കെതിരേ വയനാട് ജില്ലാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ എന്നിവർക്കെതിരേയാണ് വയനാട് ജില്ലാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ട്. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളിൽ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
31-ൽ 19പേരാണ് സിദ്ധാർഥിനോട് മൃഗീയമായി പെരുമാറിയത്. ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.