ന്യൂഡല്‍ഹി: ലബുക്‌സര്‍ ജില്ലയില്‍ ഗംഗയില്‍ ഒഴുകിയെത്തിയ 71 മൃതദേഹങ്ങൾ സംസ്കരിച്ച സംഭവത്തിൽ പരസ്പരം പഴി ചാരി യുപിയും ബീഹാറും. സംഭവത്തിൽ യു.പിയെ കുറ്റപ്പെടുത്തുകയാണ് ബീഹാർ ചെയ്യുന്നത്. മൃതദേഹങ്ങൾ ഒഴുക്കിവിട്ടത് യുപി ആണെന്നാണ് ബീഹാർ സർക്കാരിന്റെ വാദം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞിരുന്നു. ബീഹാർ, യുപി മുഖ്യമന്ത്രിമാരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം.
ചൗസയിലെ മഹാദേവ് ഘട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും ബീഹാർ മന്ത്രി പറഞ്ഞു. ഇതോടെ, യുപിയിൽ നിന്നുമാണ് മൃതദേഹം ഒഴുക്കിവിട്ടതെന്ന ആരോപണമാണ് ഇവർ നടത്തുന്നത്. ബിഹാര്‍-യുപി അതിര്‍ത്തിയായ റാണിഘട്ടില്‍ ബിഹാര്‍ വല സ്ഥാപിച്ചു.
അതേസമയം, സംഭവത്തിൽ കൃത്യമായ പരിശോധന നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗംഗ നദീ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച ക്ലീന്‍ ഗംഗ മിഷന്റെ, ജില്ല മജിസ്‌ട്രേറ്റുമാരും കളക്ടര്‍മാരും അധ്യക്ഷന്‍മാരായ ജില്ല കമ്മിറ്റികള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഗംഗയിലും പോഷകനദികളിലും ആളുകള്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് ഭാവിയില്‍ ഗംഗാനദിക്ക് ഏറെ അപകടകരമായി മാറും. ഒരു പ്രദേശത്തെ ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ കൃത്യമായും തടയുകയും പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ഇതിന് ജില്ലയുടെ അധികാരപരിധിയില്‍ വരുന്ന ഇടങ്ങളില്‍ നദിയുടെ കാര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും എന്‍എംസിജി ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.