സിദ്ധരാമയ്യയ്ക്ക് ലോട്ടറിയടിച്ചു,സോണിയയെ പരിചയപ്പെടുത്തിയത് ഞാൻ’; കോൺഗ്രസ് എംഎല്‍എയുടെ ഫോൺകോൾ ചോർന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്.

പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ തനിക്കുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോണിയ ഗാന്ധിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ താന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീല്‍ പറയുന്നു.

‘സിദ്ധരാമയ്യക്ക് ഭാഗ്യ ലോട്ടറിയടിച്ച് മുഖ്യമന്ത്രിയായി. സോണിയ ഗാന്ധിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സ്ഥാനത്തെത്തിയത്’ പാട്ടീല്‍ പറയുന്നത് കേള്‍ക്കാം. സിദ്ധരാമയ്യയുടെ വിജയം അനുകൂലമായ ഗ്രഹനില അനുസരിച്ചാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് സമാനമായ ഭാഗ്യമില്ലെന്ന് പാട്ടീല്‍ ചൂണ്ടിക്കാട്ടുന്നു.

‘നോക്കൂ, ഞങ്ങള്‍ക്ക് ഒരു ഗോഡ്ഫാദര്‍ ഇല്ല. വാസ്തവത്തില്‍, ഞങ്ങള്‍ക്ക് ദൈവവും ഇല്ല, പിതാവും ഇല്ല’ പാര്‍ട്ടി നേതൃത്വത്തില്‍ തനിക്ക് പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടാനായി പാട്ടീല്‍ പറഞ്ഞു. ഭവനവകുപ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് ബി.ആര്‍. പാട്ടീല്‍ പറയുന്ന ഫോണ്‍ സംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. ഭവനവകുപ്പുമന്ത്രിയും സിദ്ധരാമയ്യയുടെ വലം കൈയുമായ സമീര്‍ അഹമ്മദ് ഖാന്റെ നേരെയാണ് ആരോപണമുയര്‍ന്നത്.

സമീര്‍ അഹമ്മദ് ഖാന്റെ പിഎയോട് സംസാരിക്കവേ ഭവനവകുപ്പില്‍ നടക്കുന്ന അഴിമതിയാണ് പാട്ടീല്‍ വെളിപ്പെടുത്തിയത്. പാട്ടീലിനെ പിന്തുണച്ച് പാര്‍ട്ടിയുടെ എംഎല്‍എമാരായ രാജു കാഗെ, ബേലൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ രംഗത്തെത്തിയത് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.

ഇതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ കണ്ടതായും പാട്ടീല്‍ വെളിപ്പെടുത്തി. ‘ഞാന്‍ സുര്‍ജേവാലയെ കണ്ടു, അദ്ദേഹം കാര്യങ്ങള്‍ ഗൗരവമായി കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അദ്ദേഹം എല്ലാം പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു’ പാട്ടീല്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News