മോഹൻലാൽ നിരഞ്ജനായെത്തി, ആ കഥാപാത്രത്തിന്റെ മരണം ആളുകളെ അസ്വസ്ഥരാക്കി :സിബി മലയിൽ

കൊച്ചി: സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിൽ നിരഞ്ജൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയതിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ബെംഗളൂരുവിൽ സുഖചികിത്സയ്ക്കുപോയെ മോഹൻലാലിനെ താനും തിരക്കഥാക‍ൃത്തും രഞ്ജിത്തും നേരിൽച്ചെന്ന് കാണുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മോഹൻലാലിന് ഇപ്പോൾ സിനിമയിലുള്ളതിനേക്കാൾ രംഗങ്ങളുണ്ടായിരുന്നു. പിന്നീടിത് വെട്ടിച്ചുരുക്കുകയായിരുന്നു. റീ റിലീസിൽ ആ രംഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും നല്ല നെഗറ്റീവ് ഇല്ലാതിരുന്നതിനാൽ സാധിച്ചില്ലെന്നും സിബി മലയിൽ വ്യക്തമാക്കി. സമ്മർ ഇൻ ബത്ലഹേമിന്റെ റീറിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമ്മർ ഇൻ ബെത്‌ലഹേം’ ഷൂട്ടിങ് ലൊക്കേഷനിൽ വന്നാണ് ര‍ഞ്ജിത്ത് സ്ക്രിപ്റ്റ് എഴുതുന്നത്. അതുകൊണ്ട് ആദ്യത്തെ ദിവസങ്ങളിലൊക്കെ പാട്ട് മാത്രമാണ് ഷൂട്ട് ചെയ്തത്. മാരിവില്ലിൻ എന്ന പാട്ടൊക്കെ അപ്പോഴെടുത്തതാണ്. എഴുതി ഒരുഘട്ടമെത്തിയപ്പോഴാണ് ചിത്രത്തിൽ ഒരു ക്യാരക്ടർ കൂടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നത്. ക്ലൈമാക്സിൽ ആ ക്യാരക്ടർ വരണം. ഈ രണ്ട് പേരുടെയും മുകളിൽ നിൽക്കുന്ന ഒരു നടൻ ഇത് ചെയ്യണം. എന്നാലേ ആ ഒരു പോപ്പുലാരിറ്റി ഉണ്ടാവൂ എന്ന് രഞ്ജിത്ത് പറഞ്ഞു. അങ്ങനെ പല പേരുകൾ ആലോചിച്ചു.

രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരേയും ആലോചിച്ചു. പക്ഷേ, സ്വർണം വീട്ടിൽ വച്ചിട്ടെന്തിന് എന്ന് പറയുന്ന പോലെ ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിന് വേറൊരാളെ അന്വേഷിക്കുന്നു. ആ സമയത്ത് ലാൽ ബെംഗളൂരുവിൽ ഒരുമാസത്തെ സുഖ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഞാനും രഞ്ജിത്തും നേരിട്ട് പോയി ലാലിനോട് കാര്യം പറഞ്ഞു. അതിനെന്താ നിങ്ങളുടെ സിനിമയല്ലേ, നമുക്ക് ചെയ്യാം എന്നായിരുന്നു ലാലിന്റെ മറുപടി. രണ്ട് ദിവസത്തെ ഷൂട്ടാണ് ചോദിച്ചത്.  

ലാൽ സിനിമയിൽ ഉണ്ടെന്നത് തിയേറ്ററിൽ എത്തുന്നതുവരെ ഞങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നു. ആ സർപ്രൈസ് വലിയ രീതിയിൽ അന്ന് സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതിലുള്ള ഒരു രഹസ്യം എന്താണെന്നുവച്ചാൽ, രണ്ട് സീനുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിന്റെ അഭിരാമി എന്ന കഥാപാത്രത്തെ ഡെന്നീസ് താലികെട്ടിയ ശേഷം കൺവിൻസ് ചെയ്യിക്കുന്ന ഒരു സീനുണ്ടായിരുന്നു. അഞ്ചോ പത്തോ മിനിറ്റുള്ള സീനായിരുന്നു അത്. ലാൽ വരുന്ന വേറൊരു സീനും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ബെഞ്ചിലിരിക്കുന്ന സീൻ. സിയാദ് ആദ്യ ദിവസം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. ആ രണ്ട് സീൻ സിനിമയിൽ ആവശ്യമില്ല, ആളുകൾ അസ്വസ്ഥരാകുന്നുണ്ട് എന്ന്.

ലാലിന്റെ കഥാപാത്രം മരിച്ചു എന്ന് പറഞ്ഞുകഴിയുമ്പോൾ തന്നെ ആളുകൾ ഇരിക്കാൻ മടി കാണിക്കുന്നുണ്ട്. സിയാദിന്റെ തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞു. കട്ട് ചെയ്തപ്പോൾ ആൾക്കാർക്ക് പ്രശ്നമില്ലെന്ന് മനസിലായി. ‘സമ്മർ ഇൻ ബെത്‌ലഹേം’ റീ റിലീസ് ചെയ്യുമ്പോൾ ആ സീൻ ഉൾപ്പെടുത്തണമെന്ന് കരുതിയതാണ്. പക്ഷേ നല്ല ക്വാളിറ്റിയുള്ള നെഗറ്റീവുകൾ കിട്ടാത്തതുകൊണ്ട് അത് സാധിച്ചില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയിട്ട് വന്നേനേ.’ സിബി മലയിലിന്റെ വാക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News