മലപ്പുറം: പൊലീസ് സ്റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും തെറിവിളിക്കുകയും ചെയ്ത് എസ്ഐക്ക് അര മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റം.
തിരൂർ സ്റ്റേഷനിലെ പ്രബേഷൻ എസ്ഐ കെ.വി.വിപിനെയാണ് അന്വേഷണ വിധേയമായി എആർ ക്യാംപിലേക്കു സ്ഥലംമാറ്റിയത്.
വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെയാണ് ഇയാൾ അടിച്ചത്. ഇന്നലെ ഉച്ചയോടെ തിരൂർ സ്റ്റേഷനിലാണു സംഭവം.
നൗഷാദ് നെല്ലാഞ്ചേരിയുടെ വാർഡിലെ മത്സ്യത്തൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 10നു സ്റ്റേഷനിൽ ഹാജരാകാൻ വിപിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾക്കു ജോലി കാരണം എത്താൻ സാധിക്കില്ലെന്നും മറ്റൊരു സമയം നൽകണമെന്നും നൗഷാദ് എസ്ഐ വിപിനെ വിളിച്ചു പറഞ്ഞു.
ഇക്കാര്യത്തിൽ ഇടപെടേണ്ടെന്ന് എസ്ഐ നൗഷാദിനോടു പറയുകയും ഇതേച്ചൊല്ലി ഫോണിലൂടെ ഇരുവരും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതോടെ നൗഷാദ് വെട്ടം പഞ്ചായത്തിന്റെ വാഹനത്തിൽ സ്റ്റേഷനിലെത്തി. ഇവിടെ വച്ചും ഇരുവരും വാക്കുതർക്കമുണ്ടായി.
ഇതിനിടെ പൊടുന്നനെ എസ്ഐ മുഖത്തടിക്കുകയായിരുന്നു എന്നാണ് നൗഷാദ് നെല്ലാഞ്ചേരി പറയുന്നത്. പിന്നീട് കോളറിൽ പിടിച്ചും നെഞ്ചിൽ തള്ളിയും സ്റ്റേഷന്റെ പുറത്തെത്തിക്കുകയും സ്റ്റേഷനിൽനിന്നു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷൻ വളപ്പിൽനിന്നു പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പുറത്തേക്കു കൊണ്ടുപോകാനും ആവശ്യപ്പെട്ടു.
വിവരമറിഞ്ഞതോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.ജയനും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ യു.സൈനുദ്ദീനും സ്ഥലത്തെത്തി. ഇവരോടും വിപിൻ കയർത്തു സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തു.
ഈ സമയത്താണ് സ്റ്റേഷനിലേക്ക് ഇൻസ്പെക്ടർ എം.ജെ.ജിജോ കടന്നുവന്നത്. ഇതോടെ ഇൻസ്പെക്ടറോടൊപ്പം ഓഫിസിനകത്തു കയറിയ സിപിഎം നേതാക്കൾ വാതിലടച്ചു കുറ്റിയിട്ട് അകത്തിരുന്നു. എസ്ഐക്കെതിരെ ഉടൻ നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പ്രതിഷേധം ഉയർന്നതോടെ വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഇ.ജയനെ നേരിൽ വിളിച്ചെന്നാണു വിവരം.
എസ്ഐക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന ഉറപ്പും നേതാക്കൾക്കു ലഭിച്ചു. ഇതോടെ നേതാക്കൾ ഇൻസ്പെക്ടറുടെ മുറിയിൽനിന്ന് പുറത്തിറങ്ങി പോകുകയും ചെയ്തു.
ഇതുകഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ എസ്ഐക്കെതിരെ നടപടിയെടുത്തതായുള്ള വിവരവും പുറത്തുവന്നു. 6 മാസം മുൻപാണ് വിപിൻ പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ തിരൂർ സ്റ്റേഷനിൽ എത്തിയത്.
അതേസമയം കൂടുതൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് സിപിഎം നേതാക്കൾ.