കാലിമോഷണം തടയാന്‍ ശ്രമിച്ച എസ്.ഐ.യെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ കാലിമോഷണം തടയാൻ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നു. തിരുച്ചി നവൽപ്പെട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം.നവൽപ്പെട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കന്നുകാലികളെയും ആടുകളെയും മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവായിരുന്നു.

ഞായറാഴ്ച പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ. ബൈക്കിൽ ചിലർ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടർന്ന് എസ്.ഐ. ഇവരെ ബൈക്കിൽ പിന്തുടർന്നു. എന്നാൽ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോൾ മോഷ്ടാക്കൾ പോലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.ശരീരമാകെ വെട്ടിപരിക്കേൽപ്പിച്ച് മരണം ഉറപ്പുവരുത്തിയശേഷം സമീപത്തെ റെയിൽവേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിച്ചു.

രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ്.ഐ.യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സമീപവാസികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News