തിരുവനന്തപുരം കോവിഡ് 19 പ്രതിരോധത്തെ മുന്നില്‍ നിന്ന് നയിയ്ക്കുന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുമായുള്ള അനുഭവം പങ്കുവെച്ച് മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ആത്്ാമാര്‍ത്ഥതയും തിരക്കുമാണ് ഹാഷ്മി പോസ്റ്റിലൂടെ പറയുന്നത്..
പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ…
ആരോഗ്യ മന്ത്രിയുമായി അഭിമുഖത്തിന് ഔദ്യോഗിക വസതിയില്‍ സമയം അനുവദിച്ചത് ഇന്നലെ രാത്രി എട്ടു മണിക്ക്. മന്ത്രി എത്തിയപ്പോള്‍ 9 കഴിഞ്ഞിരുന്നു. സഭാ സമ്മേളനം കഴിഞ്ഞ് അടിയന്തര റാപിഡ് റെസ്‌പോണ്‍സ് ടീം മീറ്റിങ്ങും പിന്നെയും കുറച്ച് കൊറോണ മീറ്റിങ്ങുകളും എട്ടു മണിക്കുള്ള വാര്‍ത്താ സമ്മേളനവും കഴിഞ്ഞുള്ള വരവാണ്. 9 മണിക്ക് വീട്ടിലേക്ക് മീറ്റിങ്ങിന് വരാനിരുന്ന ആരോഗ്യ സെക്രട്ടറിയോട് അര മണിക്കൂര്‍ വൈകുമെന്ന് ക്ഷമാപണപൂര്‍വം അറിയിക്കുന്നുണ്ട് ഇടക്ക്.അഭിമുഖം കഴിഞ്ഞ് ടീച്ചറുടെ റുട്ടീന്‍ നല്ല കടുപ്പമാണല്ലോ എന്ന് ചോദിച്ചപ്പോള്‍, ഇങ്ങനെയാണ് മക്കളെ ഇപ്പോള്‍ എന്ന് ചിരി. ‘ഇനി വേണം എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും വിളിച്ച് ഇന്നത്തെ അവസാന സ്റ്റാറ്റസ് അറിയാന്‍. അതു കഴിഞ്ഞു വേണം എനിക്ക് എന്റെ മാഷിനെയും മക്കളെയും വിളിക്കാന്‍.’ അതിരാവിലെ തന്നെ വരുന്ന കോളുകള്‍ എടുത്തേ പറ്റൂ. എന്താകും എന്ന് അറിയില്ലല്ലോ എന്ന് പറയുമ്പോള്‍ കണ്ണില്‍ ആശങ്ക.
എല്ലാ മന്ത്രിമാരും ചിലപ്പൊ ഇങ്ങനൊക്കെ തന്നെയാകും. എങ്കിലും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്.
ഈ സ്ത്രീ ആരോഗ്യ കേരളത്തിന് വേണ്ടി കരുതലോടെ വൈകാരികമായി അധ്വാനിക്കുന്നുണ്ട്.
നമ്മള്‍ ഇതും അതിജീവിക്കും