തൃശൂർ: തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്രുതി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള വിവാഹം.
ശുചിമുറിയിൽ കുഴഞ്ഞ വീണ് മരിച്ചെന്നായിരുന്നു ആദ്യം ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം വീട്ടുകാർ ഉന്നയിച്ചത്. കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ മഹിള സംഘം ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നിർണായക നീക്കം. ഭർത്താവ് അരുണിനെയും അമ്മ ദ്രൗപതിയേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ശ്രുതിയുടെ മരണകാരണത്തിൽ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്തിക്കാട് പൊലീസിന് വീഴ്ച പറ്റിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.