ശ്രേയസ്സ് അയ്യർ ആശുപത്രി വിട്ടു, തുടർപരിശോധനകൾക്കായി സിഡ്നിയിൽ തുടരുമെന്ന് ബിസിസിഐ

ശ്രേയസ്സ് അയ്യർ ആശുപത്രി വിട്ടു, തുടർപരിശോധനകൾക്കായി സിഡ്നിയിൽ തുടരുമെന്ന് ബിസിസിഐ

സിഡ്‌നി: ഓസീസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ്സ് അയ്യര്‍ ആശുപത്രി വിട്ടു. ശനിയാഴ്ച അയ്യര്‍ ആശുപത്രി വിട്ടതായി ബിസിസിഐ അറിയിച്ചു. അതേസമയം തുടര്‍പരിശോധനകള്‍ക്കായി താരം സിഡ്നിയില്‍ തന്നെ തുടരും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്.

പരിക്കേറ്റ ഉടൻ തന്നെ ഉചിതമായ ചികിത്സ നൽകിയതായും താരത്തിന്റെ നില തൃപ്തികരമാണെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ പറഞ്ഞു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധർക്കൊപ്പം ബിസിസിഐയുടെ മെഡിക്കൽ സംഘവും നിലവിലെ അവസ്ഥയിൽ തൃപ്തരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. – ബിസിസിഐ വ്യക്തമാക്കി.

“ശ്രേയസിന് മികച്ച ചികിത്സ ഉറപ്പാക്കിയതിന് സിഡ്നിയിലെ ഡോ. കോറൂഷ് ഹഖിഖിക്കും അദ്ദേഹത്തിന്റെ സംഘത്തിനും, ഒപ്പം ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടർപരിശോധനകൾക്കായി ശ്രേയസ് സിഡ്നിയിൽ തുടരും. യാത്ര ചെയ്യാൻ സാധിക്കുന്ന ആരോഗ്യസ്ഥിതി കൈവന്നാൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.” – ബിസിസിഐ അറിയിച്ചു.

ഒക്ടോബർ 25-ാം തീയതി സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ക്യാച്ചെടുക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ പ്ലീഹയ്ക്ക് പരിക്കേറ്റെന്നും മനസിലാകുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

അതേസമയം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര അയ്യര്‍ക്ക് നഷ്ടമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നവംബര്‍ 30-നാണ് ആരംഭിക്കുന്നത്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരേയും കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News