ബീജിങ്: രഹസ്യമായി ഗർഭനിരോധന ഗുളിക വാങ്ങിക്കാനെത്തിയ യുവാവിന് നഷ്ടപ്പെട്ടത് കുടുംബ ബന്ധം. ചൈനയിലാണ് സംഭവം. സാങ്കേതിക തകരാർ മൂലം അക്കൗണ്ടിൽ പണമെത്താത്തിനെത്തുടർന്ന് തിരികെ നമ്പറിൽ വിളിച്ചപ്പോൾ എടുത്തത് ഗുളിക വാങ്ങിയ യുവാവിന്റെ ഭാര്യയായിരുന്നു. ഇതോടെ യുവാവിന്റെ അവിഹിതം ഭാര്യ അറിഞ്ഞെന്നും കുടുംബം തകർന്നുവെന്നും സൗത്ത് ചൈന മോണിങ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലായിരുന്നം സംഭവം. ഭാര്യ അറിയാതെ ഗർഭനിരോധന ഗുളികകൾ വാങ്ങാൻ കടയിലെത്തിയതായിരുന്നു യുവാവ്. സാധനങ്ങൾ വാങ്ങി ഓൺലൈൻവഴി പണമടച്ച് യുവാവ് തിരിച്ചുപോയെങ്കിലും പണം കടക്കാരന്റെ അക്കൗണ്ടിൽ എത്തിയില്ല. 15.8 യുവാൻ (ഏകദേശം 200 രൂപ) ആയിരുന്നു അടക്കാനുണ്ടായിരുന്നത്. സാങ്കേതിക തകരാർ കാരണം ഇത് കടക്കാരന്റെ അക്കൗണ്ടിൽ എത്തിയില്ല.
തുടർന്ന് യുവാവിന്റെ അംഗത്വ കാർഡുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പറിലേക്ക് കടക്കാരൻ വിളിച്ച് കാര്യം പറഞ്ഞു. ഗുളികകൾ വാങ്ങിയ യുവാവിന്റെ ഭാര്യയുടെ നമ്പറായിരുന്നു അത്. ഗർഭനിരോധന ഗുളികകൾ വാങ്ങിയിട്ടുണ്ടെന്നും പണം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും കടക്കാരൻ ഫോണിൽ കൂടി ഭാര്യയോട് പറഞ്ഞു. എന്നാൽ, യുവാവ് വാങ്ങിയ ഗുളികകൾ അവർക്കുള്ളതായിരുന്നില്ല. ഇതോടെയാണ് യുവാവിന്റെ അവിഹിത ബന്ധം ഭാര്യ അറിയുന്നത്.
ഈ സംഭവം തന്റെ കുടുംബ ബന്ധം കുട്ടിച്ചോറാക്കിയെന്ന് യുവാവ് പറഞ്ഞു. ഫാർമസിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഗുളികയുടെ രസീതും യാങ്ജിയാങ് പബ്ലിക് സെക്യൂരിറ്റ് ബ്യോറോയുടെ ഗാവോക്സിൻ ബ്രാഞ്ചിന് കീഴിയുള്ള പിൻഗാങ് പോലീസ് സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 12-ന് തനിക്ക് ലഭിച്ച് പോലീസ് റിപ്പോർട്ടും യുവാവ് പങ്കുവെച്ചു.
ഫാർമസി യുവാവിന്റെ സ്വകാര്യത ലംഘിച്ചിട്ടുണ്ടെങ്കിൽ അത് നിയമപരമായി നേരിടണം. വിശ്വാസവഞ്ചന കാരണമാണ് യുവാവിന്റെ കുടുംബ ബന്ധം തകർന്നത്. അതുകൊണ്ടുതന്നെ ആ വ്യക്തിക്ക് നിയമനടപടി സ്വീകരിക്കുക എളുപ്പമല്ലെന്ന് നിയമവിദഗ്ധർ പറയുന്നു.


