ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപിക്കുന്നതിനിടെ കർശന താക്കിതുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകുമെന്നും അത് ചെയ്യിപ്പിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളാണ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നത്. അതിനിടെ അടച്ചിടുന്നതിൽ സഹകരണമില്ലെങ്കിൽ സൈന്യത്തെ വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. വേണ്ടിവന്നാൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കും.
നിരീക്ഷണത്തിൽ കഴിയാൻ തയാറാകാത്തവരുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ഇന്നും ഇന്നലെയും ആയി നിരവധി പേരാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയത്. കൂടാതെ ജനപ്രതിനിധികളോടും ലോക് ഡൗൺ കർശനമായി നടപ്പിലാക്കുന്നതിന് പൊലീസിനെ സഹായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.