ന്യൂഡല്‍ഹി: ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 67 ശതമാനം പേരും കൊവിഡ് രോഗ ബാധിതരാണെന്ന് പഠനം. ലോകാരോഗ്യ സംഘടനയും എയിംസും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ ദേശീയ സെറോ സര്‍വേയിലാണ് 18 വയസിന് മുകളിലുള്ള 67 ശതമാനം ജനങ്ങളും ഇന്ത്യയില്‍ കൊവിഡ് ബാധിതരാണെന്ന പഠനം പുറത്ത് വന്നിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ആണ് സുപ്രധാന വിവരം വെളിപ്പെടുത്തിയത്. 18 വയസിന് താഴെയുള്ളവരില്‍ രാജ്യത്ത് സെറോപോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരു പോലെയാണെന്നും സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
18 ന് മേല്‍ പ്രായമുള്ളവരില്‍ സെറോ പോസിറ്റിവിറ്റി നിരക്ക് 67 ശതമാനം രേഖപ്പെടുത്തുമ്പോള്‍ 18 വയസിന് താഴെയുള്ളവരില്‍ 59 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ 18 വയസിന് താഴെയുള്ളവരില്‍ 78 ശതമാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ 79 ശതമാനവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഗ്രാമങ്ങളില്‍, 18 വയസിന് താഴെയുള്ളവരില്‍ 56 ശതമാനവും 18 വയസിനു മുകളിലുള്ളവരില്‍ 63 ശതമാനവുമാണ് സെറോപോസിറ്റിവിറ്റി നിരക്കെന്നും സര്‍വെയില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
അതെ സമയം പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും കോവിഡ് ബാധിച്ചതായി തെളിയിക്കുന്നുവെന്നും ആരോഗ്യമേഖലയിലുള്ളവര്‍ സൂചിപ്പിക്കുന്നു .പക്ഷേ അത് മുതിര്‍ന്നവരെ പോലെ ഗുരുതരമായിരുന്നില്ല. അപൂര്‍വം കുട്ടികളില്‍ മാത്രമാണ് അണുബാധ ഗുരുതരമായി ഉണ്ടായത്. അത് കൊണ്ട് തന്നെ മുതിര്‍ന്നവരെ പോലെ കുട്ടികളിലും ആന്റിബോഡി ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ തന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.