ബെയ്ജിങ്: കൊറോണ വൈറസ് ബാധയില്‍ നിന്നു രോഗമുക്തി നേടിയ പുരുഷനില്‍ വീണ്ടും കൊവിഡ് സാന്നിധ്യം. രോഗമുക്തി നേടിയ പുരുഷ ബീജത്തിലാണ് ഗവേഷകര്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ ഈ രോഗം പകരാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
ചൈനീസ് ഗവേഷകരെ ഉദ്ദരിച്ച് അന്തര്‍ദേശീയ മാധ്യമമായ സി.എന്‍.എന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ള മുനിസിപ്പല്‍ ആശുപത്രിയില്‍ കഴിയുന്ന 38 പുരുഷന്മാരിലാണ് ഒരു സംഘം ചൈനീസ് ഗവേഷകര്‍ പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് ബീജത്തിലെ കൊവിഡ് സാന്നിധ്യം കണ്ടെത്തിയത്. 38 പേരില്‍ 16 ശതതമാനം പേരുടെ ബീജത്തിലും കൊവിഡ് സാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് ആയെന്നാണ് ‘ജമാ നെറ്റവര്‍ക്ക് ഓപണ്‍ ജേണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ഗുരുതരമായി ബാധിച്ച കാല്‍ ഭാഗം പേരും രോഗത്തില്‍ നിന്നു മുക്തി നേടിക്കൊണ്ടിരിക്കുന്ന ഒമ്പത് ശതമാനം പേരെയുമാണ് ഗവേഷകര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയത്.
വൈറസ് പെരുകില്ലെങ്കിലും അത് ബീജത്തില്‍ നില നില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുവഴി വൈറസ് പടരുമോ എന്ന കാര്യം വ്യക്തമല്ല. എബോളയും സിക്ക വൈറസുമൊക്കെ ബാധിച്ച പുരുഷന്‍മാരുടെ ബീജത്തില്‍ രോഗമുക്തി നേടി മാസങ്ങള്‍ക്ക് ശേഷവും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.