ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കള്ളവോട്ട് ആരോപണമുയര്‍ത്തിയ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയില്‍ ബിജെപിയുടെ ഭൂരിപക്ഷമുയര്‍ന്നത് അസ്വാഭാവികമായ രീതിയിലെന്ന് കണക്കുകള്‍. ബെംഗളൂരു ലോക്സഭാ മണ്ഡലം രൂപംകൊണ്ട 2009 മുതല്‍ ബിജെപിക്കാണ് മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മുന്‍തൂക്കമെങ്കിലും കോണ്‍ഗ്രസും തൊട്ടുപുറകില്‍ സാന്നിധ്യമറിയിക്കാറുണ്ട്.
കര്‍ണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒന്‍പത് എണ്ണത്തിലാണ് ജയിച്ചതെന്നാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും വിശദീകരിച്ചു.
അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ പരിശോധന നടത്തി. ഇതിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരം കണ്ടെത്തിയതെന്നും വ്യക്തമാക്കി.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 6,26,208 വോട്ടും ബിജെപിക്ക് 6,58,915 വോട്ടുമാണ് ലഭിച്ചത്, 32,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചു. ഈ ലോക്സഭ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 1,15,586 വോട്ടും ബിജെപിക്ക് 2,29,632 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ലോക്സഭാ മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍നിന്നായി 82,000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, മഹാദേവപുരയിലെ ഒരുലക്ഷത്തിലേറെ വോട്ടിന്റെ ലീഡിന്റെ ബലത്തില്‍ ബിജെപി ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റില്‍ ജയിക്കുകയായിരുന്നു. അന്വേഷണത്തില്‍ മഹാദേവപുരയില്‍ 1,00,250 വോട്ടുകളില്‍ ക്രമക്കേട് നടന്നതായാണ് രാഹുലിന്റെ ആരോപണം.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 9,604 വോട്ടാണ് മഹാദേവപുരയിലെ ബിജെപി ഭൂരിപക്ഷം. അതാണ്, 2024-ല്‍ 1,14,046 ആയി ഉയര്‍ന്നത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,74,135 വോട്ട് ബിജെപി നേടിയപ്പോള്‍ 1,01,576 വോട്ട് കോണ്‍ഗ്രസിന് കിട്ടി. 72,559 വോട്ടിന്റെ ഭൂരിപക്ഷം ബിജെപിക്ക് നേടാനായി. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,81,731 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 1,37,230 വോട്ട് കോണ്‍ഗ്രസിനും ലഭിച്ചു.
കര്‍ണാടകത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ബെംഗളൂരുവില്‍ സമരം നടത്തും. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.


