കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. അന്താരാഷ്ട്ര വിപണിയില്‍ വലിയ കുതിപ്പ് നടത്തിയതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില ഉയരും. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിട്ടും വില ഇത്രയും ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. അന്തര്‍ദേശീയ ഘടകങ്ങളാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ചിരുന്നു. ഇതോടെ പവന്‍മേല്‍ 4000 ത്തോളം രൂപയുടെ കുറവുണ്ടായി. ഉപഭോക്താക്കല്‍ക്കും സ്വര്‍ണവിപണിക്കും വലിയ ആശ്വാസമായ നടപടിയായിരുന്നു ഇത്. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ സാമ്പത്തിക രംഗത്ത് വലിയ ആശങ്ക ഉടലെടുത്തതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം…
സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 52520 രൂപയാണ്. 760 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6565 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് ഗ്രാമിന് 5425 രൂപയിലെത്തി. വെള്ളിയുടെ വിലയിലും കേരളത്തില്‍ ഇന്ന് വര്‍ധനവാണ് കാണിക്കുന്നത്. ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 88 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2464 ഡോളറാണ് പുതിയ വില.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണം. മറ്റൊന്ന് പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന യുദ്ധ ഭീതിയാണ്. എണ്ണ സമ്പത്തിന്റെ വലിയൊരു ഭാഗമുള്ളത് പശ്ചിമേഷ്യയിലാണ്. യുദ്ധം വ്യാപിച്ചാല്‍ കടല്‍ വ്യാപാര കടത്ത് പ്രതിസന്ധിയിലാകും. ഇത് ലോകത്തെ മൊത്തം ചരക്കുനീക്കത്തെ ബാധിക്കും.
ഡോളര്‍ സൂചിക ഇടിയുന്നത് തുടരുകയാണ്. 103.12 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ കരുത്ത് കുറയുന്നതോടെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഈ സാഹചര്യമാണ് നിലവിലുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ ഇടിഞ്ഞുവീഴുകയാണ്. 83.96 എന്ന നിരക്കിലാണ് രൂപ. കൈവശമുള്ള ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുകയാണ് ആര്‍ബിഐ.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് വിപണിയിലെ വലിയ തോതില്‍ ആശങ്കയിലാക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 81.78 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ, മര്‍ബണ്‍ ക്രൂഡുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇറാനും സഖ്യകക്ഷികളും അമേരിക്കയും ഇസ്രായേലും ചേരിതിരിഞ്ഞ് വാക് പോര് നടത്തുന്നതാണ് പശ്ചിമേഷ്യയിലെ കാഴ്ച. ഇത് യുദ്ധത്തിലേക്ക് എത്തുമെന്ന ആശങ്ക കനത്തിട്ടുണ്ട്.
ഡോളറിന്റെ ഇടിവ്, രൂപയുടെ തകര്‍ച്ച, അന്തര്‍ദേശീയ വിപണിയിലെ വില കയറ്റം, അമേരിക്കയിലെ പലിശ കുറയ്ക്കല്‍ ആശങ്ക, എണ്ണ വിലയിലെ മുന്നേറ്റം, പശ്ചിമേഷ്യയിലെ യുദ്ധഭീതി, ചൈനയില്‍ നിന്നുള്ള ആവശ്യത്തില്‍ വരുന്ന ഏറ്റക്കുറച്ചില്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ 1720 രൂപയുടെ ഉയര്‍ച്ചയാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്.