തിരുവനന്തപുരം: ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വിളവൂർക്കൽ പാവച്ചകുഴി വാർഡിൽ ഈഴക്കോട്, ചെറുമുറി ഷാലോം നിവാസിൽ ഷാജി, സജിത ദമ്പതികളുടെ മകൻ ഷിജിൻ. എസ്. എസ് (23) ആണ് മരിച്ചത്. പിതാവിനോപ്പം കാലിതൊഴുത്തിൽ ജോലിചെയ്യുന്നതിനിടെയാണ് ദാരുണ അപകടം നടന്നത്.
ചാർജ് ചെയ്യാൻ സ്വിച്ച് ബോർഡിൽ കുത്തിയിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വൈദ്യുതാഘാതമേറ്റ് പിടയുന്ന മകനെ രക്ഷിക്കാനായി പരിസരത്ത് നിന്നും കിട്ടിയ കമ്പുകൊണ്ട് ഫോണിലെ വയർ വേർപെടുത്താൻ പിതാവ് ശ്രമിച്ചു. ഇതിനിടെ പിതാവ് ഷാജിക്കും വൈദ്യുതാഘാതമേറ്റു. ഷാജിയുടെ നിലവിളികെട്ട് ഓടിക്കൂടിയ അയൽവാസികളാണ് വൈദ്യുതി ബന്ധം വേർപെടുത്തി അച്ഛനെയും മകനെയും തൊഴുത്തിൽ നിന്നും മാറ്റിയത്.
ഷിജിനെയും ഷാജിയെയും കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷിജിന്റെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മലയിൻകീഴ് പൊലീസും, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്ലസ് ടു വരെ പഠിച്ചശേഷം ബിന്നസ് ഷിജിൻ കാലിവളർത്തൽ ഉപജീവനമാർഗമാക്കിയ പിതാവിന്റെ ഒപ്പം സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു. സഹോദരി ഷിജി സ്‌കൂൾ വിദ്യാർത്ഥി. പരിശോധനകൾക്ക് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവിളപ്പിൽ നടക്കും.