തിരുവനന്തപുരം: കേരള വനിതാശിശുക്ഷേമ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍. കേരള ഹൈക്കോടതിയുടെ മുന്നിലെത്തുന്ന രണ്ടു കേസില്‍ ഒരെണ്ണം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ചാണെന്ന ജുഡീഷ്യറിയുടെ നിരീക്ഷണം കേരളത്തിലെ കുട്ടികളുടെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
‘പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ചേര്‍ത്തല ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരതയും നാം ഇന്നലെ ഞെട്ടലോടെ കേട്ടു. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം 2209 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ് കേരളത്തിലെ കണക്ക് എന്നത് നമ്മുടെ കുട്ടികളുടെ ദുരവസ്ഥയാണ് കാണിക്കുന്നത്.
എന്നിട്ടും ഒന്നും കാണാതെയും കേള്‍ക്കാതെയും നടക്കുകയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തന്നെ നേരിട്ട് കാര്യങ്ങള്‍ കേരളത്തില്‍ ഇത്ര കണ്ട് ഗുരുതരമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും മറുപടി പറയാത്ത വനിതാശിശുക്ഷേമ മന്ത്രി ഈ പണി നിര്‍ത്തുന്നതാണ് ഉചിത’മെന്ന് ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
‘നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ആഭ്യന്തര വകുപ്പും, അവര്‍ക്ക് ഏതുകാര്യത്തിനും സമീപിക്കാവുന്ന വനിതാശിശുക്ഷേമ വകുപ്പമാണ് കേരളത്തിനാവശ്യം. ആഭ്യന്തരമന്ത്രി സമ്പൂര്‍ണ്ണ പരാജയമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെന്ന കാരണത്താലാകും ഹൈക്കോടതി അതും കൂടി പറയാഞ്ഞതെ’ന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.