ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടിലെ ആളുകള്‍ ഭീകര പരിശീലനം നടത്തി ബെംഗളൂരുവില്‍ സ്‌ഫോടനം നടത്തുന്നു എന്ന പരാമര്‍ശത്തിലാണു മാപ്പു പറഞ്ഞത്. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചില്ല എന്നാണ് ശോഭയുടെ വിശദീകരണം. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമര്‍ശം ശോഭ പിന്‍വലിച്ചില്ല.
തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.
“ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിക്കുന്നു’’– ശോഭ പറഞ്ഞു. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നെന്നും ശോഭ ആരോപിച്ചു.
ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരുവിലെ രാമശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു പ്രസ്താവന.
ശോഭയ്‌ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഒന്നുകിൽ എൻഐഎ ഉദ്യോഗസ്ഥരായിരിക്കണം അല്ലെങ്കിൽ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.