പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തേക്കാള്‍ തിളങ്ങുക പാലക്കാട് നിയമസഭാ മണ്ഡലമാകും. വയനാട് പ്രിയങ്ക ഗാന്ധിക്ക് വിജയം ഉറപ്പുള്ള മണ്ഡലമാണെങ്കില്‍ പാലക്കാട് തീപാറും പോരാട്ടം നടക്കുന്ന മണ്ഡലമാണ്. 2021ല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചുകയറിയത്. മെട്രോമാന്‍ ഇ ശ്രീധരനെ ഇറക്കിയുള്ള ബിജെപിയുടെ പരീക്ഷണം യുഡിഎഫിനെയും എല്‍ഡിഎഫിനെയും വിറപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് ക്യാമ്പില്‍ രണ്ട് പേരുകളാണ് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പറഞ്ഞുകേള്‍ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, നടന്‍ രമേഷ് പിഷാരടി എന്നിവരുടേതാണ് ആ പേരുകള്‍. പാലക്കാട്ടുകാരനായ കോണ്‍ഗ്രസുകാരന്‍ എന്നതാണ് രമേഷ് പിഷാരടിക്ക് സാധ്യത കൂട്ടുന്നത്. അതേസമയം, ബിജെപിക്ക് വേണ്ടി മൂന്ന് പേരുകളാണ് ചര്‍ച്ചയിലുള്ളത്…
സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, സന്ദീപ് ജി വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവരില്‍ ആരെങ്കിലും ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് സംസാരം. ബിജെപി ഔദ്യോഗികമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സാധ്യതയുള്ള പേരുകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കൂടുതല്‍ സാധ്യത ശോഭ സുരേന്ദ്രനാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മല്‍സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ട് വിഹിതം കൂട്ടുന്നതാണ് ശോഭ സുരേന്ദ്രന് അനുകൂലമാകുന്ന ഘടകം. നേരത്തെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലും ശോഭ ഇക്കാര്യം തെളിയിച്ചതാണ്. ഏറ്റവും ഒടുവില്‍ ആലപ്പുഴ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശോഭയുടെ പ്രകടനം മികച്ചതായിരുന്നു.ശോഭ വരുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ശ്രമിച്ചേക്കുമെന്നും കേള്‍ക്കുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡല കണക്കുകള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വികെ ശ്രീകണ്ഠന് 52779 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിയുടെ സി കൃഷ്ണകുമാറിന് 43072 വോട്ട് ലഭിച്ചു. ഇടതുസ്ഥാനാര്‍ഥി എ വിജയരാഘവന് 34640 വോട്ടുകള്‍ മാത്രമേ പാലക്കാട് മണ്ഡലത്തില്‍ നിന്ന് നേടാനായുള്ളൂ. 10000ത്തോളം വോട്ടിന് യുഡിഎഫ് ലീഡ് ചെയ്യുന്നു എന്നത് മറ്റൊരു കാര്യം.
പാലക്കാട് നഗരസഭാ പരിധിയിലെ വോട്ടുകളില്‍ ബിജെപിയാണ് ലീഡ് ചെയ്തത്. അതുകൊണ്ടുതന്നെ ആഞ്ഞുപിടിച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. മണ്ഡലത്തില്‍ ശക്തമായ പ്രചാരണത്തിന് തുടക്കമിടാനാണ് ആലോചന. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രിമാര്‍ക്കുള്ള സംസ്ഥാന തല സ്വീകരണം പാലക്കാട് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ജൂലൈ അഞ്ചിന് വൈകീട്ടാണ് സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നീ കേന്ദ്രമന്ത്രിമാര്‍ക്കുള്ള സ്വീകരണം. സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ ജനപങ്കാളത്തം ഉറപ്പാക്കാന്‍ ബിജെപി ശ്രമം തുടങ്ങി. അതേസമയം, ബിജെപിക്ക് വേണ്ടി പത്മജ വേണുഗോപാല്‍ മല്‍സരിക്കുമെന്ന് അടുത്തിടെ അഭ്യൂഹമുണ്ടായിരുന്നു. പത്മജയുടെ ബിജെപി പ്രവേശം തൃശൂരില്‍ ഗുണം ചെയ്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അഭിമാന പോരാട്ടമാകും. സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്ന യുഡിഎഫ് പ്രചാരണത്തിന്റെ മുനയൊടുക്കേണ്ടത് എല്‍ഡിഎഫിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ കരുത്തരായ സ്ഥാനാര്‍ഥികളെ സിപിഎം രംഗത്തിറക്കും. പാലക്കാട്, തൃശൂരിലെ ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്.