തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ഉദ്യോഗസ്ഥ സമിതിയാണ് ശുപാര്‍ശ ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടര്‍ന്ന് 2019 ജൂലൈയില്‍ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ശിവശങ്കറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച് ആറ് മാസം കൂടുമ്പോള്‍ റിവ്യൂ നടക്കാറുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. രണ്ട് തവണ റിവ്യൂ നടന്നപ്പോഴും ശിവശങ്കറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. ഇത്തവണ പക്ഷേ ശിവശങ്കറിന് അനുകൂലമായാണ് കാര്യങ്ങള്‍ വന്നത്. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു ശിവശങ്കര്‍ സസ്പെന്‍ഷനിലായിട്ട്.
സ്വര്‍ണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ശുപാര്‍ശ നല്‍കിയിക്കുന്നത്.ശിവശങ്കറിനെതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസായിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബര്‍ 30നകം നല്‍കണമെന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും സമിതി വിലയിരുത്തി. പിന്നാലെയാണ് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം സമിതി ഉന്നയിച്ചത്.