NationalNews

ഛത്രപതി ശിവജിയുടെ ‘പുലിനഖം’ ഇന്ത്യയിലേക്കെത്തിക്കുന്നു,അഫ്സൽ ഖാനെ കൊല്ലാനുപയോഗിച്ച ആയുധം മടങ്ങിയെത്തുന്നത് 350 വര്‍ഷത്തിനുശേഷം

മുംബൈ: ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്താൻ ഛത്രപതി ശിവജി ഉപയോഗിച്ച ആയുധം ‘വാഘ് നഖ്’ (പുലി നഖം) ഭാരതത്തിലേക്ക് തിരിച്ചെത്തിക്കുന്നു. ഈ വർഷം നവംബറിൽ ലണ്ടനിൽനിന്നാണ് മഹാരാഷ്ട്രയിലേക്ക് പുലി നഖം കൊണ്ടുവരുന്നത്. ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് വാഘ് നഖ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നുവർഷത്തെ പ്രദർശനത്തിനായി ആയുധം ഇന്ത്യയിലെത്തിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ ഇംഗ്ലണ്ടിലേക്ക് പോകും. ചൊവ്വാഴ്ചയാകും കരാറിൽ ഒപ്പുവയ്ക്കുക.

1659ല്‍ ബീജാപൂര്‍ സുല്‍ത്താനെ പരാജയപ്പെടുത്താൻ ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമെന്നാണ് ഈ പുലിനഖം അറിയപ്പെടുന്നത്. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350ാം വാർഷികത്തോടനുബന്ധിച്ചാണ് ആയുധം രാജ്യത്തെത്തിക്കുന്നത്. ദക്ഷിണ മുംബൈയിലുള്ള ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് ഇത്.

മറാഠ ഭരണത്തിനു അടിത്തറയേകിയ യുദ്ധമായിരുന്നു 1659ലെ പ്രതാപ്ഗഡ് യുദ്ധം. ഇന്നത്തെ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലുള്ള പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വധിച്ചത്. അഫ്സൽ ഖാൻ ശിവജിയെ പുറകിലൂടെ കുത്തിയപ്പോൾ പുലിനഖം ഉപയോഗിച്ച് കൊന്നെന്നാണ് ചരിത്രം പറയുന്നത്. എന്നാൽ ഈ കഥയെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

ഛത്രപതി ശിവജി ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം വെബ്‌സൈറ്റിൽ പറയുന്നതായി ചരിത്ര വിദഗ്ധൻ ഇന്ദർജിത് സാവന്ത് പറയുന്നു ശിവസേന (ഉദ്ധവ്) വിഭാഗം നേതാവ് ആദിത്യ താക്കറെയും പുലി നഖത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്‍റ് ഡഫ് ആണ് പുലി നഖം ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. ഇദ്ദേഹത്തിന്‍റെ പിന്‍മുറക്കാര്‍ ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button