25.1 C
Kottayam
Thursday, May 16, 2024

നാവികസേനാ വിമാനവാഹിനി കപ്പലില്‍ മോഷണം,ഹാര്‍ഡ് ഡിസ്‌കുകളും റാമും മോഷ്ടിച്ചു,വന്‍ സുരക്ഷാ വീഴ്ച

Must read

കൊച്ചി: ഇന്ത്യന്‍ നാവികസേനയ്ക്കു കപ്പല്‍ നിര്‍മിക്കുന്ന കൊച്ചിയിലെ കപ്പല്‍ ശാലയില്‍ വന്‍ സുരക്ഷാവീഴ്ച. രാജ്യത്ത് നിര്‍മിക്കുന്ന ആദ്യത്തെ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകളും റാമും മോഷ്ടിച്ചു. നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനികപ്പലായ ഐ.എന്‍.എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ തകര്‍ത്താണ് മോഷണം. ചില അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. നിര്‍മാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മോഷണം. കേസന്വേഷണം ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എസിപിക്ക് കൈമാറി. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ളവ അന്വേഷിക്കാനാണ് സൗത്ത് പോലിസിന്റെ തീരുമാനം.

തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി പോലിസിന് കപ്പല്‍ശാല അധികൃതരില്‍നിന്നു പരാതി ലഭിച്ചത്. 2021ല്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ട് 2009ലാണ് കൊച്ചി കപ്പല്‍ശാലയില്‍ കപ്പല്‍ നിര്‍മാണം തുടങ്ങിയത്. തുടക്കം മുതലേ വന്‍ സുരക്ഷയിലായിരുന്നു കപ്പല്‍ശാല. മറ്റു വസ്തുക്കള്‍ കാര്യമായൊന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തത് സംശയങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. കപ്പല്‍ നാവിക സേനയ്ക്കു കൈമാറാത്തതിനാല്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണു നിഗമനം. സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്നും ആശങ്ക വേണ്ടെന്നും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിതെന്നുമാണ് കപ്പല്‍ശാല അധികൃതരുടെ വാദം. ഏതായാലും വന്‍ സുരക്ഷാവീഴ്ചയാണ് നടന്നിട്ടുള്ളതെന്ന വിലയിരുത്തതിലാണ് പോലിസ്.സംഭവത്തിനു പിന്നില്‍ അട്ടിമറിശ്രമമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week