ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളും
കൊച്ചി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും ഉള്ളതായി സ്ഥിരീകരണം. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുടെ പേരു വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒരുമാസം മുമ്പാണ് ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ഇറാന്‍, കപ്പല്‍ പിടിച്ചെടുത്തതായി കമ്പനി ഡിജോയുടെ ബന്ധുക്കളെ അറിയിച്ചു. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
കപ്പലിലെ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അതേസമയം കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കപ്പലിലുള്ളവരെ കുറിച്ച് ഔദ്യോകിക വിവരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.