ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാർ എന്നാണ് വിളി; വിഷമം തോന്നാറുണ്ടെന്ന് ഷെയ്ൻ നിഗം
കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷെയ്ൻ നിഗം. യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുണ്ട് നടന്. ബാലതാരമായാണ് ഷെയ്നിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016 ല്‍ കിസ്മത്ത് എന്ന സിനിമയിലൂടെ നായകനുമായി. അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു നടൻ.
ഇടയ്ക്ക് ചില വിവാദങ്ങളും വിലക്കുകളും നേരിടേണ്ടി വന്നെങ്കിലും ഷെയ്ൻ നിഗം എന്ന നടനെ അത് കാര്യമായി ബാധിച്ചിട്ടില്ല. ഏറ്റവും പുതിയ ചിത്രമായ ആർഡിഎക്‌സിലടക്കം മിന്നും പ്രകടനവുമായി കയ്യടി വാങ്ങി കൂട്ടുകയാണ് താരം. ഇന്നാണ് ആർഡിഎക്സ് തിയേറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പൊന്നുമില്ലാതെ വന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു യഥാർത്ഥ മാസ് സിനിമയാണ് ആർഡിഎക്സ് എന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു.
അതിനിടെ അടുത്തിടെ ഒരു അഭിമുഖത്തിൽ ഷെയ്ൻ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ പറയുന്നു. ഫിസിക്കൽ എഫേർട്ടുള്ള സിനിമകൾ ചെയ്യുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും ഷെയ്ൻ വ്യക്തമാക്കി. ആർഡിഎക്സിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഷെയ്ൻ ഇക്കാര്യം പറഞ്ഞത്.
‘ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണ് എനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നുന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോഷമുള്ള പടങ്ങളാണ്’,
‘ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധിച്ചില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷൻ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോൾ, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോൾ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം’, ഷെയ്ൻ പറയുന്നു.
ആദ്യമൊക്കെ സിനിമ പ്രേക്ഷകർക്ക് നൽകുന്ന മെസേജ് എന്താണെന്നാണ് താൻ ചിന്തിക്കാറെന്നും ഇന്നിപ്പോൾ എന്താണ് ആളുകൾക്ക് പുതിയതായി കൊടുക്കാനുള്ളത് എന്ന് മാത്രമാണ് നോക്കാറുള്ളൂവെന്നും ഷെയ്ൻ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, ഷെയ്ൻ നിഗമിനെ കൂടാതെ ആന്റണി വർഗീസ് പെപ്പെയും നീരജ് മാധവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ്.
കെ.ജി.എഫ്, വിക്രം, ബിസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം തിരുക്കിയ അൻബറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.