ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്‌സെെസ് സംഘം ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി.
കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പോലീസിനു മുന്നില്‍ ഹാജരായ ഷൈന്‍, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്‌സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. ഷൈന്‍ പരാമര്‍ശിച്ച നടന്‍ എക്‌സൈസ് നിരീക്ഷണത്തിലാണ്. മൊഴിയില്‍ സത്യമുണ്ടെന്നു വ്യക്തമായാല്‍ നടനെയും വിളിപ്പിക്കും. ആലപ്പുഴക്കാരനല്ലാത്ത നടനെയാണ് സംശയിക്കുന്നത്.
ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോണ്‍വിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതല്‍ ബന്ധപ്പെട്ടത്. കഞ്ചാവ് ഇടപാടു സംബന്ധിച്ച് തെളിവു കിട്ടിയില്ലെങ്കിലും ചാറ്റുകള്‍ സംശയകരമായതിനാലാണ് ചോദ്യംചെയ്യുന്നത്.
ശേഖരിച്ചുവെക്കുന്നതിനായാണ് ആലപ്പുഴയിലേക്ക് മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികള്‍ എക്‌സൈസിനോടു പറഞ്ഞത്. എന്നാല്‍, വില്‍ക്കുന്നതിനാണെന്നാണ് എക്‌സൈസ് കരുതുന്നത്. ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്.
അതില്‍ മൂന്നുകിലോയാണ് ആലപ്പുഴയില്‍നിന്നു പിടിച്ചത്. ബാക്കി മൂന്നുകിലോ എവിടെയെന്നതു വ്യക്തമല്ല. എക്‌സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ വ്യാഴാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
ആലപ്പുഴയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിനുമുന്‍പ് തസ്ലിമയും ഭര്‍ത്താവ് അക്ബര്‍ അലിയും സഹായി കെ. ഫിറോസും കൊച്ചിയില്‍ താമസിച്ച സ്ഥലങ്ങളില്‍ ബുധനാഴ്ച രാവിലെ എക്‌സൈസ് ഇവരുമായി തെളിവെടുത്തു. മൂന്നു ലോഡ്ജുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതികള്‍ റിമാന്‍ഡിലായിരുന്ന സമയത്തുതന്നെ എക്‌സൈസ് സംഘം ഈ ലോഡ്ജുകളിലെത്തി ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. കൂടുതല്‍ തെളിവു ശേഖരിക്കാനായാണ് ബുധനാഴ്ച അവിടെയെത്തിച്ചത്.


