കൊല്ലം: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാർക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു. നിബിൻ മാർക്‌സ്‌വെൽ. കഴിഞ്ഞ വർഷം ഒക്ടോബറിൽ അപ്രതീക്ഷിത യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം നിരവധി പേരാണ് ഇസ്രയേലിലും പലസ്‌തീനിലുമായി കൊല്ലപ്പെട്ടത്. നേരത്തെ രണ്ട് വർഷങ്ങൾക്ക് മുൻപ് അഷ്‌കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി യുവതിക്ക് ജീവൻ നഷ്‌ടമായിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്.
ഇസ്രായേലിലെ അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ മറ്റൊരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇത്തവണ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം മറ്റൊരു മലയാളി യുവതിയും ആക്രമണത്തിന് ഇരയായിരുന്നു. സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനും പരിക്കേറ്റിരുന്നു. വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറി നടക്കുകയായിരുന്നു. ഉടന്‍ ഫോണ്‍ കട്ടായി.
പിന്നീട് ഷീജയെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സക്കായി ഷീജയെ കൊണ്ടുപോയിരുന്നു.
അഞ്ചാം മാസത്തേക്ക് കടക്കുമ്പോഴും ഇസ്രായേൽ- ഹമാസ് യുദ്ധത്തിന് അറുതിയായിട്ടില്ല. സഹായ സാധനങ്ങള്‍ നിറച്ച ട്രക്കിനായി കാത്തിരുന്ന ആളുകള്‍ക്ക് നേരെ അടുത്തിടെ ഇസ്രായേൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് 104 പലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപമായിരുന്നു സംഭവം നടന്നത്. 280 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
യുദ്ധം ഇപ്പോഴും രക്തരൂക്ഷിതമായി തന്നെ തുടരുകയാണ് എന്ന റിപ്പോർട്ടുകളാണ് അവിടെ നിന്നും പുറത്തുവരുന്നത്. ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകളും ഇവിടെ നിന്ന് ഉയർന്നു വരുന്നുണ്ട്. ഇതുവരെ യുദ്ധത്തിൽ മുപ്പതിനായിരത്തി നാനൂറ്റി പത്തു പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. എഴുപത്തൊന്നായിരത്തിൽ അധികം പേർക്ക് പരുക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.