31.1 C
Kottayam
Saturday, May 18, 2024

‘ആരോ പറഞ്ഞുകൊടുത്തതു പോലെ കൃത്യമായി ബാഗ് പരിശോധിച്ചു’ലഹരിമരുന്ന് ആവിയായി മാറിയ ‘ചതി’യുടെ കഥ പറഞ്ഞ് ഷീല

Must read

തൃശൂര്‍: ഇല്ലാത്ത ലഹരി മരുന്നിന്റെ പേരിൽ രണ്ടര മാസത്തോളം ജയിലിൽ കിടന്നശേഷം നിരപരാധിത്വം വ്യക്തമായതിനു പിന്നാലെ, എക്സൈസ് വകുപ്പിനെതിരെ ആരോപണങ്ങളുമായി ചാലക്കുടിയിലെ ‘ഷി സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലെത്തി ലഹരി മരുന്ന് എന്ന പേരിൽ പൊതികൾ കണ്ടുപിടിച്ചതെന്ന് ഷീല പറഞ്ഞു.

ബ്യൂട്ടി പാർലറിൽ ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും കൃത്യമായി ബാഗ് തുറന്ന് അതിന്റെ അറയിൽനിന്ന് അവർ ഒരു പൊതിയെടുത്തതായി ഷീല പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഷീല ആവശ്യപ്പെട്ടു.

‘‘ഫെബ്രുവരി 27–ാം തീയതി വൈകിട്ട് അഞ്ചരയോടെയാണ് കുറേ ഓഫിസർമാർ വന്നത്. ഞാൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി വിവരം കിട്ടി, പരിശോധിക്കണം എന്നു പറഞ്ഞു. ഞാൻ പരിശോധിച്ചോളാൻ പറഞ്ഞു. ഇതു ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യം എനിക്കുണ്ടല്ലോ. പരിശോധിക്കാൻ വന്നവർ വേറെ എവിടെയും നോക്കിയില്ല. ബ്യൂട്ടി പാർലറിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷേ അവർ നേരെ വന്നു നോക്കിയത് എന്റെ ബാഗിലാണ്. എന്റെ ബാഗിലും വണ്ടിയിലുമാണ് സാധനമുള്ളതെന്ന് വിളിച്ചു പറഞ്ഞവർ കൃത്യമായി അറിയിച്ചിരുന്നു.’

‘‘വണ്ടി സാധാരണയായി പാർലറിന്റെ താഴെയാണ് നിർത്താറുള്ളത്. ഉദ്യോഗസ്ഥർ നേരെ വന്നു ബാഗ് തുറന്ന് അതിന്റെ അറയിൽനിന്ന് ഒരു പൊതിയെടുത്തു. അതായത് അവർ കണ്ടതുപോലെയാണ് എല്ലാം വിളിച്ചു പറഞ്ഞിരിക്കുന്നത്. മോനെ വിളിച്ചുവരുത്തി അവനെയും കൂട്ടിപ്പോയാണ് വണ്ടിയിൽനിന്ന് മറ്റൊരു പൊതിയെടുത്തത്.

അതിനുശേഷം ഇത് മയക്കുമരുന്നാണ് എന്ന് അവർ പറഞ്ഞു. സത്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുപോലും എനിക്കു മനസ്സിലായില്ല. എന്തൊക്കെയോ എഴുത്തും കുത്തും കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം എന്നെ ചാലക്കുടിയിലെ എക്സൈസ് ഓഫിസിലേക്കു കൊണ്ടുപോയി.’

‘‘അതിനുശേഷം കുറേ പത്രക്കാരും ചാനലുകാരും വന്നു. എന്റെ കുറേ ഫോട്ടോടെയുത്തു. ഈ സമയമെല്ലാം ഞാൻ അവിടെ ഇരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നു പോലും എനിക്കു മനസ്സിലായില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരു ഓഫിസർ എന്നോടു തല കുമ്പിട്ടിരിക്കാൻ പറഞ്ഞു. ഇതൊക്കെ വാർത്തയാകുമെന്നോ എന്നെ ജയിലിൽ കൊണ്ടുപോകുമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവർ ഇപ്പോൾത്തന്നെ വീട്ടിൽ വിടുമെന്നായിരുന്നു എന്റെ ധാരണ.’

‘‘ഇതൊന്നും ഞാൻ വച്ചതല്ലെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞതാണ്. ബാഗ് ഞാനല്ലേ ഉപയോഗിക്കുന്നത് എന്ന് അവർ ചോദിച്ചു. അതേയെന്നു ഞാൻ മറുപടി പറഞ്ഞു. ബാഗ് ഞാനാണ് ഉപയോഗിക്കുന്നത്, വണ്ടിയും മറ്റെങ്ങും വയ്ക്കാറില്ല. അതിനിടെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബാധ്യതയുടെ കാര്യം ചോദിച്ചു.

സാമ്പത്തിക ബാധ്യതയുള്ളതു കൊണ്ടാണ് ഞാൻ ഈ ബിസിനസ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ഒരു മാസമായിട്ട് എന്നേക്കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ എവിടെയാണ് പോകുന്നത്, എന്തിനാണ് പോകുന്നത് എന്നൊക്കെ നിങ്ങൾക്ക് കൃത്യമായി അറിയില്ലേ എന്നു ഞാൻ ചോദിച്ചു.

ഞാൻ പറയുന്നതൊന്നും അവർ കേട്ടില്ല. വൈകിട്ട് എന്നെ ജയിലിലേക്കു കൊണ്ടുപോയി. ഇത് ആരോ എന്നെ കുടുക്കാൻ ചെയ്തതാണെന്നാണ് സംശയം. എനിക്ക് അങ്ങനെ ശത്രുക്കളൊന്നുമില്ല. ഈ ബ്യൂട്ടി പാർലർ ആരംഭിച്ചിട്ട് ഏഴു വർഷമായി.’ – ഷീല വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week