കൊച്ചി:മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഷീല ഇന്നും അനശ്വര നായികയാണ്. 78 വയസ്സിലിം സിനിമാ ലോകത്ത് തലയെടുപ്പോടെ നിൽക്കുന്ന ഷീല മറ്റു നടിമാരെ പോലെ സിനിമകൾ കുറഞ്ഞപ്പോൾ പ്രാധാന്യം കുറഞ്ഞ അമ്മ വേഷങ്ങൾ ചെയ്യാൻ തയ്യാറായില്ല. തനിക്ക് പ്രാധാന്യമുള്ള വേഷങ്ങൾക്കാണ് അന്നം ഇന്നും ഷീല പ്രാധാന്യം നൽകാറ്. പ്രായമായെന്ന് കരുതി വാർധക്യത്തിന്റെ വിരസതയാെന്നും ഷീലയുടെ വാക്കുകളിലോ രൂപത്തിലോ ഇല്ല. ഊർജസ്വലയായി സംസാരിക്കുന്ന ഷീലയെ എന്നും നിറപ്പകിട്ടുകളോടെയുള്ള പട്ടുസാരികളിലും ആഭരണങ്ങളിലുമാണ് പൊതുവേദികളിൽ കാണാറ്.
ദുഖിച്ചിരിക്കാതെ സന്തോഷത്തോടെയിരിക്കാനാണ് താനെപ്പോഴും ശ്രമിക്കാറെന്നും ഷീല മുമ്പ് പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമകളായി പിറന്നപ്പോൾ അതിലെ നായിക നടി ഷീലയായിരുന്നു. അഭിനയ സരസ്വതി എന്നാണ് ഷീലയെ അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. മകനേ നിനക്ക് വേണ്ടി, കള്ളിച്ചെല്ലമ്മ, ചെമ്മീൻ, ശരപഞ്ചരം,തുടങ്ങി നിരവധി സിനിമകളിൽ ഷീല തന്റെ അഭിനയ മികവ് തെളിയിച്ചു. കുടുംബമായ ശേഷമാണ് അഭിനയ രംഗത്ത് നിന്ന് ഷീല പിൻവാങ്ങിയത്.
സിനിമാ രംഗത്ത് നിന്നും ഏറെനാൾ ഷീല മാറി നിന്നു. 2003 ലാണ് ഷീല അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നത്. മനസ്സിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു രണ്ടാം വരവ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായി. തൊട്ടുപിന്നാലെ അകലെ എന്ന സിനിമയിലും ഷീല അഭിനയിച്ചു, ഏറെ നാളുകൾക്ക് ശേഷം അനുരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുമ്പിലേക്ക് വീണ്ടുമെത്താൻ പോവുകയാണ് ഷീല.
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താരങ്ങൾ ശ്രദ്ധ കാണിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു. ദിവസം മൂന്ന് സിനിമകൾ താൻ കാണാറുണ്ടെന്നും നടി വ്യക്തമാക്കി. സിനിമകൾ കണ്ട് തന്നോട് വിളിച്ച് അഭിപ്രായം പറയുന്ന കുറച്ച് പേരുണ്ട്. ഏത് ആർട്ടിസ്റ്റാണ്, എന്ത് കൊണ്ട് പടം ഓടിയില്ല എന്നൊക്കെ തനിക്ക് കൃത്യമായി അറിയാമെന്നും ഷീല തുറന്ന് പറഞ്ഞു.
ഞാനീ ഇടയ്ക്കൊരു പടം കണ്ടു. വലിയ നടിയാണ് അഭിനയിച്ചത്. അവരുടെ കഥാപാത്രം നല്ലതായിരുന്നു. അവർ നന്നായി അഭിനയിച്ചു. അവർ വരുന്ന സീനൊക്കെ കുറച്ചൂടെ നല്ലതായിരുന്നു. പക്ഷെ പടം മുഴുവനും കുറേ രാഷ്ട്രീയവും അതുമിതുമായി മനസ്സിലാക്കാനേ പറ്റുന്നില്ല. ആ നടനോ നടിയോ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിരുന്നെങ്കിൽ.
ഇപ്പോൾ ചിലർ നടനും നടിയും എന്തുകൊണ്ട് സ്ക്രിപ്റ്റിൽ ഇടപെടുന്ന എന്നൊക്കെ ചോദിക്കും. ഇതാണ് കാരണം. വല്ലതുമൊക്കെ വാരി വലിച്ച് എഴുതി വെക്കും. ഇവരറിയില്ല. മാറ്റാൻ പറയാൻ ഒക്കത്തില്ലെങ്കിൽ ആ പടത്തിൽ അഭിനയിക്കാതെയെങ്കിലും ഇരിക്കാം. അത്രയേ ഉള്ളൂ. ഇവർക്കൊക്കെ എത്രയോ പടങ്ങൾ വരുന്നുണ്ട്, ഷീല പറഞ്ഞു. നല്ല സിനിമകൾ വരണം. സിനിമാ വ്യവസായം എന്നും നിലനിൽക്കണം. ഒരുപാട് പേരുടെ ജീവിതമാർഗമാണ് സിനിമയെന്നും ഷീല ചൂണ്ടിക്കാട്ടി.
ഷീല ഉദ്ദേശിച്ച സിനിമ വെള്ളരിപട്ടണമാണെന്നും നടീനടൻമാർ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ രാഷ്ട്രീയം കഥാ പശ്ചാത്തലമായ സിനിമയാണ് വെള്ളരിപട്ടണം. സിനിമ പരാജയപ്പെടുകയായിരുന്നു. മഞ്ജു വാര്യർക്ക് സിനിമയിൽ പ്രധാന വേഷമായിരുന്നെങ്കിലും സിനിമയുടെ കഥാഗതി പ്രേക്ഷകർക്കിഷ്ടമായില്ല.
ഷീലയുടെ അഭിമുഖത്തിലെ വാക്കുകൾ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകൾ വരുന്നുണ്ട്. മലയാളത്തിൽ മഞ്ജു വാര്യറിന് അടുത്തിടെ ലഭിച്ച ഹിറ്റ് സിനിമ ആയിഷ മാത്രമാണ്. അതേസമയം തമിഴകത്ത് ചെയ്ത തുനിവ് എന്ന സിനിമ വൻ ഹിറ്റായി. അജിത്തായിരുന്നു സിനിമയിലെ നായകൻ.