KeralaNews

ഭാസിയുടെ സ്വഭാവം മനസിലാക്കി വിളിക്കണം, പറ്റില്ലെങ്കില്‍ വിളിക്കരുത്; തുറന്നടിച്ച് ആസിഫ് അലി

കൊച്ചി:നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ സിനിമാ സംഘടനകള്‍ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. സംവിധായകരേയും നിര്‍മ്മാതാക്കളേയും മാനിക്കുന്നില്ല സിനിമയുമായി സഹകരിക്കുന്നില്ല എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. ഇതോടെ ഇരുവര്‍ക്കുമൊപ്പം ഇനി സിനിമ ചെയ്യില്ലെന്നാണ് സംഘടനകളുടെ തീരുമാനം. നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും സംഘടനകളാണ് തീരുമാനമെടുത്തത്.

ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി മനസ് തുറന്നത്. ആസിഫും ശ്രീനാഥ് ഭാസിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈ നിലയ്ക്കായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.

നമ്മളെല്ലാവരും ഓരോ വ്യക്തികളാണ്. എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവങ്ങളുണ്ട്. അത് മോശമാണെന്ന് നമുക്ക് തോന്നുകയാണെങ്കില്‍ നമുക്ക് തിരുത്താം. അത് മോശമാണെന്ന് നമുക്ക് തോന്നുന്നില്ലെങ്കില്‍ നമുക്കത് തുടരാം. എനിക്കൊരു മോശം സ്വഭാവമുണ്ട്. പക്ഷെ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കും. എന്നെ ആവശ്യമില്ലെങ്കില്‍ വേറെ ആളെ വിളിക്കും. വിളിക്കുന്ന ആള്‍ ആ റിസ്‌ക് എടുക്കാന്‍ തയ്യാറാണോ എന്നതാണ് വിഷയം എന്നാണ് ആസിഫ് അലി പറയുന്നത്.

ഭാസി അങ്ങനെയാണ് എന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാന്‍ തയ്യാറാകുന്നവര്‍ ഉപയോഗിക്കുക. അല്ല ഇങ്ങനെ ആണ് എന്റെ ലൊക്കേഷനില്‍ വന്നാല്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല എന്നുള്ളവര്‍ വിളിക്കരുത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ഞാന്‍ അഭിപ്രായം പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭാസിയുമായി സിനിമ ചെയ്യുന്ന സമയത്ത് അവനെ മനസിലാക്കി, അവന്റെ സ്വഭാവങ്ങളും, അവന്റെ പ്രശ്‌നങ്ങളും മനസിലാക്കി സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം അവനെ വിളിക്കുക എന്നും ആസിഫ് അലി പറഞ്ഞു.

അതേസമയം, പ്രതിഫലം കൂട്ടി ചോദിക്കല്‍, സെറ്റിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് നടന്‍മാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍. ശ്രീനാഥ് ഭാസി കാരണം ഷൂട്ടിംഗ് മുടങ്ങുന്നു, ഷെയ്ന്‍ നിഗവും കുടുംബവും കാരണം സിനിമാ ചിത്രീകരണത്തില്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയാണ് താരങ്ങള്‍ക്കെതിരായ പരാതികള്‍. ഇതിന്റെ അടിസ്ഥാനമായാണ് ഇരുവരുമായി സഹകരിക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചത്. ഇതോടെ അമ്മയുടെ സഹായം തേടിയിരുന്നു ഷെയ്ന്‍ നിഗം. അമ്മയിലെ അംഗമല്ലാത്ത ആസിഫ് അലി അംഗത്വത്തിനായി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

ഭാസിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേരത്തെ നടന്‍ ധ്യാന്‍ ശ്രീനിവാസനും പ്രതികരിച്ചിരുന്നു. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
സിനിമയോട് സഹകരിക്കാതിരിക്കല്‍ അംഗീകരിക്കാതിരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് ധ്യാന്‍ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തന്റെ സുഹൃത്താണെങ്കിലും ഇത്തരം കാര്യങ്ങളില്‍ പിന്തുണയ്ക്കാന്‍ പറ്റില്ലെന്നും ശ്രീനാഥിന്റെ കാര്യത്തില്‍ വിഷമമുണ്ടെന്നും ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

Sreenath Bhasi

രാവിലെ എഴുന്നേറ്റ് വരികയെന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. പക്ഷെ എന്നാല്‍ പോലും നമ്മള്‍ ഒരു കോള്‍ ടൈം പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് വരാതിരിക്കുമ്പോഴാണ് ഈ പ്രശ്‌നം. അല്ലെങ്കില്‍ കൃത്യമായി പറയണം എന്നും ധ്യാന്‍ അഭിപ്രായപ്പെട്ടിരുന്നു. സീനിയര്‍ ആക്ടര്‍മാരെയുള്‍പ്പെടെ കാത്തിരിപ്പിക്കുകയെന്നത് പരിപാടി തനിക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ധ്യാന്‍ പറഞ്ഞു.

ശ്രീനാഥ് ഭാസിയുടെ കേസില്‍ എനിക്ക് മനസ്സിലായത് ഭാസിയുടെ ലൈഫ് സ്‌റ്റൈല്‍ അങ്ങനെയാണ്. ഭാസി നൈറ്റ് പേഴ്‌സണാണ്. ഞാന്‍ ഗൂഡാലോചനയില്‍ ഭാസിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു. മറ്റൊരു വശം ശ്രീനാഥ് ഭാസി സമയം പാലിക്കാത്ത പ്രശ്‌നമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അപ്പോള്‍ അങ്ങനെയുള്ളവരുടെയടുത്ത് ഡയരക്ടേര്‍സ് പോവാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാന്‍ പറഞ്ഞു. ഭാസി എന്റെ അടുത്ത സുഹൃത്താണ്. സുഹൃത്ത് മോശം കാര്യം ചെയ്യുമ്പോള്‍ കൂട്ട് നില്‍ക്കുന്നത് ശരിയല്ലെന്നും ധയാന്‍ പറഞ്ഞു.

കഴിഞ്ഞ തവണ പ്രശ്‌നം വന്നപ്പോള്‍ ഭാസിയുമായി സംസാരിച്ചിരുന്നു ഭാസി ഭാസിയുടെ രീതിയില്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. നമുക്കങ്ങനെ ഒരാളെ അടിമുടി മാറ്റാനൊന്നും പറ്റില്ലല്ലോ. ഇഷ്ടമുള്ളയാള്‍ അങ്ങനെയൊരു കാര്യം ചെയ്യുമ്പോള്‍ നമുക്കൊരു സങ്കടമാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker