തിരുവനന്തപുരം: കെ.പി.സി.സി നിർദ്ദേശം ലംഘിച്ച് പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്ത് വിശദീകരണം നൽകിയെന്ന് അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമിതി കൂടി വിശദമായ കാര്യങ്ങളെക്കുറിച്ച് രണ്ടരമണിക്കൂർ സംസാരിച്ചു. ഷൗക്കത്ത് എഴുതി തയ്യാറാക്കിയ നൽകിയ കത്ത് രഹസ്യസ്വഭാവത്തിലുള്ളതാണ്. അത് സമിതി ഫയലിൽ സ്വീകരിച്ചു.
കൂടുതൽ കാര്യങ്ങൾ അറിയേണ്ടതിനാൽ നാളെ വീണ്ടും അച്ചടക്കസമിതി ചേരും. ഡി.സി.സി ഭാരവാഹികളെയും മലപ്പുറം ജില്ലയിലെ പാർട്ടിയുടെ പ്രമുഖ നേതാക്കളെയും സമിതി കേൾക്കും. അവർക്കുള്ള അഭിപ്രായങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. സി.പി.എം ഇക്കാര്യത്തിൽ വെറുതെ കാത്തിരിക്കുകയാണ്. അവർ ലീഗുമായി സംസാരിച്ചതും ഷൗക്കത്തിനെ ഉന്നംവച്ചതുമടക്കം തൊട്ടതെല്ലാം കുഴപ്പത്തിലായി.
കോൺ്രഗസിൽ നിന്നും യു.ഡി.എഫിൽ നിന്നും ആരെയും ഉന്നം വച്ച് സി.പി.എം ഒരു കളിക്കും പോകേണ്ടതില്ല. അതെല്ലാം പരാജയത്തിൽ കലാശിക്കും. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങൾക്കൊപ്പം ഉള്ളത്. സി.പി.എം ക്ഷണിച്ചു കൊണ്ടുപോയ കെ.വി. തോമസിന്റെ ഗതിയെന്തായെന്നും അദ്ദേഹം ചോദിച്ചു. അച്ചടക്ക സമിതിക്ക് മുമ്പിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും പാലസ്തീന്റെ കാര്യത്തിലുള്ള നിലപാടിൽ മാറ്റമില്ലെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം സമിതിക്ക് മുമ്പിൽ ഹാജരായി വിശദീകരണം നൽകും. ഒരാഴ്ച്ക്കാലം കെ.പി.സി.സി വിലക്കുള്ളതിനാൽ മലപ്പുറത്തെ പ്രത്യേക കൺവെൻഷനിൽ പങ്കെടുക്കില്ല. താൻ നൽകിയ വിശദീകരണം പാർട്ടി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷ. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ താൻ സി.പി.എം പരിപാടിക്ക് പങ്കെടുക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കസമിതിയോഗം വീണ്ടും എട്ടിന്
തിരുവനന്തപുരം: കെ.പി.സി.സി അച്ചടക്കസമിതി വീണ്ടും എട്ടിന് യോഗം ചേരും. മലപ്പുറം ഡി.സി.സി, ആര്യാടൻഷൗക്കത്ത് എന്നിവരുടെ ആവശ്യം പരിഗണിച്ച് ജില്ലയിലെ ഡി.സി.സി ഭാരവാഹികളെയും മറ്റ് നേതാക്കളെയും സമിതി വിളിപ്പിക്കും. ആകെ 29 പേരാണ് അന്ന് ഹാജരാവുക. രണ്ട് ഘട്ടങ്ങളിലായാവും വിശദീകരണം സ്വീകരിക്കുക. എട്ടിന് രാവിലെ 11 മുതൽ ഡി.സി.സി അദ്ധ്യക്ഷൻ വി.എസ്. ജോയി അടക്കമുള്ള ഭാരവാഹികളോട് വിഷയത്തിലുള്ള വിശദീകരണം ആരായും.
13 പേരാവും വിശദീകരണം നൽകാനെത്തുക. ഉച്ചയ്ക്ക് ശേഷം സി.ഹരിദാസ്, റിയാസ് മുക്കോളി തുടങ്ങി 11 മുതിർന്ന നേതാക്കളും പ്രമുഖ പ്രവർത്തകരും സമിതിക്കു മുമ്പിലെത്തുമെന്ന് സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പുനഃസംഘടനയിൽ വന്ന പാളിച്ചകളടക്കം സമഗ്ര വിഷയങ്ങൾ അച്ചടക്കസമിതിക്ക് മുമ്പിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അടുത്ത യോഗത്തിലും ഇത്തരം വിഷയങ്ങളടക്കം ജില്ലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഗണിച്ചാവും സമിതി കെ.പി.സി.സിക്ക് സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കുക.