കൊച്ചി: ഒരൊറ്റ കാര്യമേ ശശി തരൂർ ചെയ്തുള്ളൂ-ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. പിന്നെ ആ തേങ്ങാച്ചിത്രം ഇന്റർനെറ്റിലൂടെ പറന്നു. സാമൂഹികമാധ്യമങ്ങളിലെ വികൃതികൾ ആ ചിത്രത്തെ പലരൂപത്തിൽ തകൃതിയായി ഉടച്ചുവാർത്തു. തേങ്ങയോങ്ങി നിൽക്കുന്ന തരൂർ പിന്നെ ചായയടിക്കാരനായി, ഗുസ്തിക്കാരനായി, നർത്തകനായി!.
എന്തിന് നീരജ് ചോപ്ര ഒളിമ്പിക് സ്വർണത്തിലേക്കെറിഞ്ഞ ജാവലിൻ തറച്ച സ്ഥലംചൂണ്ടുന്ന തരൂരിനെവരെ സൃഷ്ടിച്ചുകളഞ്ഞു. സംഗതി നന്നായി ആസ്വദിച്ച തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘ഒരുപാടെണ്ണമുണ്ട്, എന്തായാലും സംഗതി ബഹുരസമാണ്. അതിൽ എനിക്കേറ്റവും ഇഷ്ടായത് ഇതാണ്.’ വാക്കുകൾക്കൊപ്പം പങ്കുവെച്ചത് ഓസ്‌ട്രേലിയ-പാകിസ്താൻ ടെസ്റ്റ് ക്രിക്കറ്റിനിടെ പിച്ചിൽ തേങ്ങയുടയ്ക്കുന്ന ‘തരൂർചിത്രം’!.
ഏറെ വർഷങ്ങൾക്കുശേഷം പാലക്കാട് എലവഞ്ചേരിയിലെ തറവാട്ടിൽ ഓണം ആഘോഷിക്കാനെത്തിയപ്പോഴാണ് ഭഗവതിക്ഷേത്രത്തിൽ ശശി തരൂർ തേങ്ങയുടച്ചത്. പക്ഷേ, ആ തേങ്ങ ഇന്റർനെറ്റ് ലോകം മുഴുവൻ ചുറ്റുമെന്ന് തരൂർപോലും പ്രതീക്ഷിച്ചില്ല.