തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ നാനൂറ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സില്‍വര്‍ ലൈനില്‍ നിലപാടു മാറ്റ സൂചനയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വന്ദേഭാരത് സില്‍വര്‍ ലൈനിന് പകരമാവുമോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് നേരത്തെ വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തരൂരിന്റെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെ:”ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സില്‍വര്‍ലൈന്‍ പദ്ധതിക്കു ചെലവു കുറഞ്ഞ ബദലാവുമോയെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധിക്കണം.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യത്തിനും, പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.”