തിരുവനന്തപുരം:പാറശാല സ്വദേശി ഷാരോൺ രാജ് എന്ന യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്, കഷായവും ജൂസും നൽകിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നിർദേശം. പാറശാല പൊലീസ് ഇതുവരെ അന്വേഷിച്ച കേസ് ശനിയാഴ്ച ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ സുഹൃത്തിനോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മരണകാരണം കണ്ടെത്താൻ ആരോഗ്യവിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി.ശിൽപ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയ നടപടി ആശ്വാസം നൽകുന്നതാണെന്നും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഈ മാസം 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. 14ന് രാത്രി ആശുപത്രിയിൽ ചികിൽസ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്. ഷാരോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ ആഡിഡ് ചേർത്തു നൽകി എന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.