തിരുവനന്തപുരം: സുഹൃത്തായ യുവതിയുടെ വീട്ടില്‍ നിന്ന് പാനീയം കുടിച്ച് യുവാവ് കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശവും വാട്‌സ്ആപ്പ് സന്ദേശവും പുറത്ത്. താന്‍ നടുവേദയ്ക്കും കാല് വേദനയ്ക്കുമെല്ലാം കുടിക്കുന്ന കഷായമാണ് ഷാരോണിന് കുടിക്കാന്‍ കൊടുത്തതെന്നും കയ്പുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ഷാരോണിന്റെ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.
താന്‍ സ്ഥിരമായി കുടിച്ചുകൊണ്ടിരുന്ന കഷായമാണിതെന്നും അപകടമുണ്ടാക്കുമെന്ന് അറിയില്ലായിരുന്നവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഇതിനിടെ ഷാരോണും യുവതിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഷാരോണ്‍ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമുള്ള ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഛര്‍ദിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കഷായമായത് കൊണ്ടാവാം പച്ച കളറില്‍ ഛര്‍ദിച്ചതെന്നും പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജ്യൂസ് കൊടുത്തിരുന്നതായും അദ്ദേഹത്തിനും ഇപ്പോള്‍ വയ്യെന്ന് പറയുന്നുണ്ടെന്നും ഷാരോണിനോടുള്ള ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുലുള്ളവര്‍ കരുതിയിരിക്കുന്നതെന്നും അതുകൊണ്ട് അവര്‍ ഒന്നും ചെയ്യില്ലെന്നും പെണ്‍കുട്ടി പറയുന്നു.
പഠന സംബന്ധമായ പ്രൊജക്ട് വാങ്ങാനാണെന്ന് പറഞ്ഞാണ് ഷാരോണ്‍ സുഹൃത്തായ റിജിനിനേയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോള്‍ ഷാരോണിന് അമ്മ കാണാതെയാണ് ആ മരുന്ന് ഒഴിച്ച് കൊടുത്തതെന്ന് പുറത്ത് വന്ന ഓഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് ഷാരോണിന് നല്‍കിയതെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. ഇവിടെ നിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്.
ഈ മാസം 25-നായിരുന്നു ഷാരോണ്‍ മരിച്ചത്. തമിഴ്നാട് നെയ്യൂരിലെ ബിഎസ്‌സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഷാരോണ്‍. വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരില്‍ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.