തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടില്‍നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ ഇയാള്‍തന്നെ പോലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനല്‍കുകയും ഇവിടെനിന്ന് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയുമായിരുന്നു.
തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പോലീസ് സംഘം ആദ്യം പാറശ്ശാല പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്‌നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ എത്തിച്ചു.
കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറയിലാണ്. അതിനാലാണ് പോലീസ് സംഘം പ്രതികളുമായി തമിഴ്‌നാട്ടിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തശേഷം കേരള പോലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കേരള പോലീസും തമിഴ്‌നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.