ചെറുവത്തൂർ:ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരവരട്ടിയെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സി.പി.എം. മാണിയാട്ട് ലോക്കൽ കമ്മിറ്റി അംഗം പി.ടി. അനിതയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. മാണിയാട്ട് ബ്രാഞ്ച് അംഗം ടി.വി. ബാലനെ താക്കീത് ചെയ്തു.
ജില്ലയിൽ പൊതുവിതരണകേന്ദ്രങ്ങൾവഴി വിതരണംചെയ്ത ഓണക്കിറ്റിൽ പിലിക്കോട് പഞ്ചായത്ത് മാണിയാട്ട് വാർഡിലെ ഭാഗ്യധാര കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയെത്തിയതാണ് പാർട്ടി നേതാക്കൾക്കെതിരായ നടപടിയിൽ കലാശിച്ചത്.
പി.ടി. അനിത അംഗമായ ‘ഭാഗ്യധാര’ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയാണ് കിറ്റിലുണ്ടായിരുന്നത്. കുടുംബശ്രീക്ക് കീഴിലെ അനിതയുടെ വ്യക്തിഗത സംരംഭത്തിന്റെ രജിസ്ട്രേഷൻ നമ്പരുപയോഗിച്ചാണ് ശർക്കരവരട്ടി കിറ്റിലെത്തിയത്. എന്നാലിത് പിലിക്കോട് പഞ്ചായത്ത് അധികൃതർക്കും കുടുംബശ്രീ സി.ഡി.എസിനും ‘ഭാഗ്യധാര’ കുടുംബശ്രീ ഭാരവാഹികൾക്കും അറിവുണ്ടായിരുന്നില്ല. ശർക്കരവരട്ടിയുമായി ബന്ധമില്ലെന്ന് കാണിച്ച് ജില്ലാ കളക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും ‘ഭാഗ്യധാര’ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട് പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.
കുടുംബശ്രീയുടെ പേരിൽ വ്യാജ ലേബലുണ്ടാക്കി ശർക്കരവരട്ടി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയതായിരിക്കാമെന്നാണ് 20 പേർ ഒപ്പിട്ട പരാതി. ഇതിൽ കുടുംബശ്രീ അംഗമെന്ന നിലയിൽ അനിതയുടെ ഒപ്പുണ്ട്. സംഭവം വിവാദമായതിനെതുടർന്ന് പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.വി. കോമൻ നമ്പ്യാർ, എം.വി. ചന്ദ്രൻ, പി. കുഞ്ഞിക്കണ്ണൻ, പി.പി. പ്രസന്നകുമാരി എന്നിവർ പങ്കെടുത്ത ലോക്കൽ കമ്മിറ്റിയിലാണ് അനിതയ്ക്കെതിരേ നടപടിയുണ്ടായത്. ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതയും ഉണ്ടായില്ലായെന്നതാണ് നടപടിക്ക് വഴിവെച്ചത്.
ശർക്കരവരട്ടിയുടെ കവറിന് മുകളിൽ ചേർത്ത ഫോൺനമ്പർ സി.പി.എം. മാണിയാട്ട് സെൻട്രൽ ബ്രാഞ്ച് അംഗം ടി.വി. ബാലന്റെതായിരുന്നു. കുടംബശ്രീയുമായി ബന്ധമില്ലാത്തയാളുടെ ഫോൺനമ്പർ ശർക്കരവരട്ടിയടെ ലേബലിൽ ചേർത്തത് വിവാദം മറ്റൊരുതലത്തിലേക്കെത്തിച്ചു. സി.പി.എം. പ്രവർത്തകർക്കിടയിൽ ഇത് ചർച്ചക്കിടയാക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനം നടത്തിയവർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായി.
കുടുംബശ്രീ ജില്ലാ മിഷൻ ആവശ്യപ്പെട്ടതുപ്രകാരം ശർക്കരവരട്ടി എത്തിച്ചുകൊടുക്കാൻ സൗകര്യമൊരുക്കിയതേയുള്ളുവെന്നും മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമാണ് ടി.വി. ബാലൻ പാർട്ടിക്ക് നൽകിയ വിശദീകരണം. ഇതേതുടർന്നാണ് മാണിയാട്ട് സെൻട്രൽ ബ്രാഞ്ച് ബാലനെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്. ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ തീരുമാനത്തിന് മേൽഘടകത്തിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.