മലപ്പുറം: ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ സമസ്ത തീരുമാനിച്ചതിന് പിന്നാലെ നാളെ മുസ്ലിം ലീഗ് യോഗം. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിൽ ഞായറാഴ്ച രാവിലെയാണ് യോഗം ചേരുക.
അതേസമയം, മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുളള സിപിഐഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. സിപിഐഎമ്മിന്റേത് രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസിനെ സെമിനാറിൽ നിന്ന് അകറ്റി നിർത്താൻ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിൽ ലീഗ് പങ്കെടുത്തേക്കില്ലെന്നാണ് സൂചന.
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചിരുന്നു. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൂടിയ സമസ്ത യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
പ്രതിഷേധത്തിന് തുരങ്കം വെക്കുന്ന നിലപാട് ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത്. എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലിം സമൂഹം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.