EntertainmentKeralaNews

സിനിമയിലെ മൂന്നിലൊരാളാകാൻ താൽപര്യമില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു: ഷെയ്ൻ നിഗം

കൊച്ചി: സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഷെയ്ന്‍ പറഞ്ഞു.

ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന്. താന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്.

പണം കൂടുതല്‍ ചോദിച്ചുവെന്ന ആരോപണത്തിനും ഷെയ്ന്‍ മറുപടി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താന്‍ നല്‍കിയ സമയം നീണ്ടുപോയി. അതിനാല്‍ ആര്‍.ഡി.എക്‌സിന് ശേഷം താന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രം നീണ്ടുപോയി. അതിനാല്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു

ആര്‍.ഡി.എക്സ് സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന് ഷെയ്ന്‍ അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. ആര്‍.ഡി.എക്സ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തില്‍ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്‍. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക് പ്രധാന്യം നല്‍കണം. ടീസറിലും പോസ്റ്ററിലും തനിക്ക് തന്നെ പ്രധാന്യം നല്‍കണം. ജനങ്ങള്‍ക്ക് താനാണ് നായകനെന്ന് തോന്നണം- ഇതാണ് കത്തിന്റെ ഉള്ളടക്കം.

നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പര്‍ നിര്‍ബന്ധമാക്കുമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, താരസംഘടനയായ ‘അമ്മ’, സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം.

സമാനമായ നടപടി നേരിടുന്ന ശ്രീനാഥ് ഭാസി അമ്മയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയുടെ സഹായം തേടുന്നതിനാണ് നടന്‍ അംഗത്വം എടുക്കാനൊരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button