കൊച്ചി:താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കി. ഇന്ന് നടന്ന വാർഷിക ജനറൽ ബോഡിയിലായിരുന്നു നടപടി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.
അമ്മ യോഗം ചിത്രീകരിച്ചത് തെറ്റാണെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അമ്മ ഭാരവാഹികൾക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ജഗദീഷ് മാത്രമാണ് അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്.
2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം ഷമ്മി തിലകൻ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.
അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന് അന്ന് അഭ്യർഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് അമ്മ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു.