CrimeKeralaNews

നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു; ‘വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു’

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു.

നേരത്തെ റജീനയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചത്. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമായതോടെ, റജീനയെയും പ്രതി ചേര്‍ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നയാസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചികിത്സ നല്‍കാതെ ഭര്‍ത്താവ് നയാസും, അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനും ചേര്‍ന്ന് ഷെമീറയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീന്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. നയാസിന്റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയും പൊലീസ് നല്‍കിയേക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button