കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ ദ്രുതഗതിയിലാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊതുജനങ്ങളും സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വേണ്ട നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജും സജീവമാണ്. ഇപ്പോള്‍ മന്ത്രിയുടെ പോസ്റ്റിന് താഴെ ശാലിനി ശ്രീനാഥ് എന്ന നഴ്സ് എഴുതിയ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകനായ ബോബിന്‍ അലക്സാണ് ഇക്കാര്യം പങ്കുവെച്ചത്.
ബോബിന്‍ അലക്സിന്റെ കുറിപ്പ് വായിക്കാം
ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ പോസ്റ്റിന് കീഴെ ശാലിനി ശ്രീനാഥ് എന്ന ഒരു നഴ്‌സിന്റെ കമന്റാണ് താഴെ…
ടീച്ചര്‍ ഞാനും നഴ്‌സിങ് പഠിച്ചതാണ്, വര്‍ക്ക് ചെയ്യുന്നില്ല. കൊറോണ രോഗികളെ നോക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിലോ ഒബ്‌സര്‍വേഷന്‍ വാര്‍ഡിലോ മറ്റെവിടെയെങ്കിലുമോ എന്തെങ്കിലും തരത്തില്‍ സ്റ്റാഫിന്റെ കുറവോ പോരായ്മയോ ഉണ്ടായാല്‍ ഞാനും വരാം. സാലറി ഒന്നും വേണ്ട. നമുക്ക് ഒറ്റക്കെട്ടായി ഇതിനെ നേരിടാം. Always with you madam
അതെ, രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരന്റെ കുടുംബിനിയായ മാലാഖയാണവര്‍. നന്മ ഹൃദയം കൊണ്ട് നാടിനെ കീഴടക്കുന്ന മനുഷ്യര്‍ ഉള്ളത് കൊണ്ടാണ് നമ്മള്‍ എന്തിനെയും അതിജീവിക്കുന്നത്. ഈ അവസരത്തില്‍ സിസ്റ്റര്‍ ലിനിയെയും വേദനയോടെ ഓര്‍ക്കുന്നു. ആ മാലാഖയും ഇത് പോലെ ഒരു കുടുംബിനി ആയിരുന്നു.
പ്രിയ ജവാനും സഹധര്‍മ്മിണിയായ മാലാഖ, ശാലിനി ശ്രീനാഥിനും ആശംസകള്‍… കഴിയുമെങ്കില്‍ കേരള സര്‍ക്കാരിന്റെ ‘സന്നദ്ധം’ സംഘടനയില്‍ ജോയിന്‍ ചെയ്ത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാകണം. നിങ്ങള്‍ക്കും കുടുംബത്തിനും എന്നും നന്മകള്‍ ഉണ്ടാവട്ടെ, സര്‍വ്വ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.