കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ എം.ആര്‍. ഷാജി (53) എന്ന വലിയ മനസ്സിന് ഉടമയായ മനുഷ്യനാണ് മലയാളി മനസ്സ് കീഴടക്കിയത്. കടകളില്‍ ചായ നല്‍കാനായി സൈക്കിളില്‍ എത്തിയതായിരുന്നു ഷാജി. ഈ സമയമായിരുന്നു അപകടമുണ്ടായത്. പ്രൈവറ്റ് ബസിന്റെ മുന്‍ചക്രത്തിനടിയിലേക്കാണ് യുവതി വീണത്. പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ബസ് പിന്നോട്ട് നീക്കി സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. എന്നാല്‍ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടര്‍ന്ന് വസ്ത്രങ്ങള്‍ പൂര്‍ണമായും കീറിപ്പോയിരുന്നു. ഇവരെ ഏഴുനേല്‍പിച്ച ഉടന്‍ ഷാജി താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നല്‍കുകയായിരുന്നു. പിന്നീട് സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്.
”അപ്പോള്‍ വേറൊന്നും മനസില്‍ വന്നില്ല. ആ സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം ടയര്‍ കേറിയരഞ്ഞ്, കീറിപ്പറിഞ്ഞ് കിടക്കുവാണ്. പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം മറയ്ക്കാനാണ്. അവര്‍ക്കൊരു പ്രയാസം ഉണ്ടാകരുതല്ലോ. പിന്നെ എല്ലാവരും കൂടി ഓട്ടോയില്‍ കയറ്റി അവരെ ആശുപത്രിയിലേക്ക് വിട്ടു. എനിക്ക് അപ്പോള്‍ അടുത്തുള്ള കടയിലെ പയ്യന്‍ ഒരു മുണ്ട് കൊണ്ടുവന്നു തന്നു”- അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ടഴിച്ച് നല്‍കിയ ഷാജിക്ക് താന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ല. അപ്പോള്‍ അങ്ങനെ തോന്നി, അത് ചെയ്തു എന്ന് 53 വയസ്സുകാരനായ ഷാജി പറയുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനില്‍ എറണാകുളത്തേക്ക് തിരിയുന്നിടത്തു വച്ചായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ആ അപകടം നടന്നത്. മുളന്തുരുത്തി സ്വദേശിനിയായ 56കാരി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എറണാകുളത്തേക്ക് തിരിയുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ മുന്‍ചക്രത്തിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ടുപോയി. നാട്ടുകാരുടെ വലിയ ബഹളം കേട്ടാണ് ബസ് ജീവനക്കാര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ബസ് പിന്നോട്ട് നീക്കിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു ഭയാനകമായ കാഴ്ച കാണുന്നതെന്ന് ഷാജി ഓര്‍ക്കുന്നു. ബസിന്റെ ടയര്‍ സ്ത്രീയുടെ ശരീരത്തില്‍ തൊട്ടുരുമ്മിയാണ് നിന്നിരുന്നത്. ആളുകള്‍ ചേര്‍ന്ന് അവരെ എഴുന്നേല്‍പ്പിച്ചപ്പോഴാണ് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതു കാരണം അവരുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങളെല്ലാം പൂര്‍ണ്ണമായും കീറിപ്പറിഞ്ഞ നിലയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടത്.
ആ പരുങ്ങലില്‍ മറ്റൊന്നും ചിന്തിക്കാനോ വസ്ത്രം വാങ്ങി വരാനോ ഉള്ള സമയം അവിടെയുണ്ടായിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍ അവരുടെ അന്തസ്സിനും സാഹചര്യത്തിനും പ്രയാസമുണ്ടാകരുതെന്ന് കരുതി ഷാജി തല്‍ക്ഷണം താന്‍ ഉടുത്തിരുന്ന മുണ്ടഴിച്ചു നല്‍കി അവരുടെ ശരീരം മറയ്ക്കുകയായിരുന്നു. ആ സമയത്ത് താന്‍ മുണ്ടുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചോ സ്വന്തം നാണത്തെക്കുറിച്ചോ ഓര്‍ത്തില്ലെന്നും, ഒരു സ്ത്രീയെ അത്തരമൊരു അവസ്ഥയില്‍ ആശുപത്രിയിലേക്ക് വിടുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുക മാത്രമായിരുന്നു മനസ്സിലെന്നും ഷാജി പറയുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. ഇതിനുശേഷമാണ് അടുത്തുള്ള കടയിലെ ഒരു പയ്യന്‍ ഷാജിക്ക് ഉടുക്കാന്‍ മറ്റൊരു മുണ്ട് കൊണ്ടുവന്നു നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
”വലിയ ശബ്ദം കേട്ടാണ് ഞാനും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തിയത്. അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്. അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്. അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്. പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം മറയ്ക്കാനാണ്. ഞാന്‍ മുണ്ടുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നെ കടയില്‍ പോയി വസ്ത്രം എടുത്തുകൊണ്ടു വന്നു കൊടുക്കാനുള്ള സാഹചര്യമല്ലല്ലോ അപ്പോഴുള്ളത്. എല്ലാവരും കൂടി അവരെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരെ ഇപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി എന്നാണ് കേട്ടത്” ഷാജി പറയുന്നു.
കഴിഞ്ഞ 40 വര്‍ഷമായി തൃപ്പൂണിത്തുറ സ്റ്റാച്യൂ മേഖലയിലെ സ്ഥാപനങ്ങളില്‍ ചായ എത്തിച്ചു നല്‍കുന്നതാണ് ഷാജിയുടെ ജോലി. പണ്ട് അമ്മയും കൂടെയുണ്ടായിരുന്നെങ്കിലും പ്രായമായതോടെ ഷാജി ഒറ്റയ്ക്കാണ് ഈ പണി ചെയ്യുന്നത്. പ്രായമായ അമ്മയും ഭാര്യയും ബികോമിന് പഠിക്കുന്ന മകനും നാലാം ക്ലാസുകാരിയായ മകളും അടങ്ങുന്നതാണ് ഈ സാധാരണക്കാരന്റെ കുടുംബം. രാവിലെ ഒമ്പതു മണിക്ക് ചായയുമായി ഇറങ്ങി ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടിലെത്തി പാത്രങ്ങള്‍ കഴുകി, വൈകിട്ടത്തെ ചായയ്ക്കുള്ള ഒരുക്കങ്ങള്‍ കൂട്ടി മൂന്ന് മണിക്ക് വീണ്ടും ചായയുമായി ഇറങ്ങുന്നതാണ് ഷാജിയുടെ ദിനചര്യ. ജീവിച്ചു പോകാനുള്ളത് ഇതില്‍ നിന്നും കിട്ടുന്നുണ്ടെന്നും കോടീശ്വരനാകാന്‍ പറ്റിയില്ലെങ്കിലും തന്റെ ജീവിതവണ്ടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണെന്നും വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഈ മനുഷ്യന്‍ വിനയത്തോടെ പറയുന്നു.
സ്ത്രീ ശരീരം പല രീതിയിലും വികലമായി ആഘോഷമാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഷാജിയുടെ ഈ ഉയര്‍ന്ന ചിന്താഗതിയെയും പൗരുഷത്തെയും വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. അപകടം നടന്നയുടന്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മത്സരിക്കുന്നവര്‍ക്കിടയില്‍ ഷാജിയെപ്പോലെയുള്ളവര്‍ ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇങ്ങനെ നിലനില്‍ക്കുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ റാണി ജോണ്‍ പരുമല ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്ത്രീയുടെ പേരിന് കളങ്കം വരുത്താതെ, അവളുടെ നഗ്നത കാണാതെയും കാണിക്കാതെയും തന്നാലാവുന്നത് ചെയ്ത ഷാജി എന്ന പൗരുഷത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകളാണ് അവര്‍ നേര്‍ന്നത്. ചായച്ചേട്ടന്റെ ഈ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഈ ദൃശ്യങ്ങള്‍ പലരുടെയും മൊബൈലുകളില്‍ പ്രചരിക്കുമായിരുന്നുവെന്ന ആശങ്കയും, സ്ത്രീകളെ ബഹുമാനിക്കുന്ന നല്ലൊരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഈ സംഭവം ഒരു പാഠമാകട്ടെയെന്നുമുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഷാജിയെ പ്രശംസിച്ചുകൊണ്ട് നിറയുന്നത്. താന്‍ ചെയ്തത് അത്ര വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ലെന്നും അപ്പോള്‍ അങ്ങനെ തോന്നി, അത് ചെയ്തുവെന്നും ലളിതമായി പറയുന്ന ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്.

