തന്റെ ചിത്രം വല്യേട്ടനും, മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യപ്പെടുത്തി സംവിധായകനും നിര്‍മാതാവുമായ ഷാജി കൈലാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കേരളം മറ്റൊരു ‘വല്യേട്ടന്റെ’ തണലിലാണ് ഇപ്പോള്‍. പിണറായി വിജയന്‍ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ ഞാനടക്കമുള്ള മലയാളികള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. അമേരിക്ക പോലുള്ള വന്‍ ശക്തികള്‍ വരെ ഈ മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്‌നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരന്‍ യഥാര്‍ത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
വല്യേട്ടന്‍…
അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി..
ഇളയ മകന്റെ വിളി വന്നു.. ചെടികള്‍ക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. Covid 19 എന്ന മഹാമാരി അവനില്‍ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നല്‍കാന്‍ ഒരാള്‍… അത് (CMന്റെ വാക്കുകള്‍ )അവനില്‍ ഉണ്ടാക്കുന്ന വിശ്വാസം..
ഇത് കുറിക്കാന്‍ ഇടയായത് അതാണ്…
വല്യേട്ടന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ തിരക്കഥകൃത്ത് രഞ്ജിത് പറഞ്ഞു, സഹോദരങ്ങള്‍ക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയാണിത്. അറക്കല്‍ മാധവനുണ്ണിയുടെ സ്‌നേഹം ഉള്ളില്‍ ഒളിപ്പിച്ചു വച്ച പരുക്കന്‍ ഭാവത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.. കേരളം മറ്റൊരു ‘വല്യേട്ടന്റെ’ തണലിലാണ് ഇപ്പോള്‍. പിണറായി വിജയന്‍ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ ഞാനടക്കമുള്ള മലയാളികള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. അമേരിക്ക പോലുള്ള വന്‍ ശക്തികള്‍ വരെ ഈ മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്‌ബോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്‌നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരന്‍ യഥാര്‍ത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നത്. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആബാലവൃദ്ധം ജനങ്ങളും ശ്വാസമടക്കി കാണുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മമ്മുക്കയും പിണറായി വിജയനും തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുണ്ട്. പരുക്കന്‍ ഇമേജാണ് ഇരുവരെക്കുറിച്ചും സമൂഹത്തിന്റെ മുന്നിലുള്ളത്. എന്നാല്‍ അടുത്ത് പെരുമാറുന്നവര്‍ക്കു അറിയാം ഇവര്‍ എത്രമാത്രം ആര്‍ദ്രതയുള്ളവരാണെന്ന്. ഒരാള്‍ക്കൊരു സഹായം വേണ്ടിവന്നാല്‍ മുഖം നോക്കാതെ അവര്‍ക്കു വേണ്ടി ഓടിവരുന്നവരാണ് ഇരുവരും. രഞ്ജിപണിക്കര്‍ എഴുതിയ ഞങ്ങളുടെ മറ്റൊരു ചിത്രമായ ‘ദി കിംഗി’ല്‍ ഷുഭിത യൗവനത്തിന്റെ പ്രതീകമായി ജോസഫ് അലക്‌സ് എന്ന കളക്ടര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്‍പ്രമാണിത്വത്തിന്റെയും, കൊളോണിയല്‍ വ്യവസ്ഥകളുടെ ജീര്‍ണരൂപങ്ങളെ ചോദ്യം ചെയ്യുമ്‌ബോള്‍ കാണിക്കുന്ന ശൗര്യത്തിന്റെയും പേരില്‍ എത്രയെത്ര വിമര്‍ശനങ്ങള്‍ ആണ് മമ്മുക്ക അഭിനയിച്ച ആ കഥാപാത്രം നേരിടുന്നത്. എന്നാല്‍ സ്വാതന്ത്ര്യസമര പെന്‍ഷന് വേണ്ടി വരുന്ന ഒരാളോട് (കുതിരവട്ടം പപ്പു) ജോസഫ് അലക്‌സ് പെരുമാറുന്നത് എത്ര ഹൃദ്യമായും മാതൃകാപരവുമായിട്ടാണ്. ഒരര്‍ത്ഥത്തില്‍ മമ്മുക്കയുടെ തന്നെ സ്വഭാവമാണ് ആ ദൃശ്യങ്ങളിലൂടെ കാണിച്ചത്. കാരിരുമ്ബുപോലെ കാഠിന്യമുള്ള പലരും കരിമ്ബുപോലെ മധുരിക്കുന്ന മഹത്തായ നിമിഷങ്ങള്‍ സാക്ഷ്യം വഹിച്ച ഒരാളെന്ന നിലയില്‍ എനിക്ക് തീര്‍ത്തു പറയാന്‍ പറ്റും. ഈ സങ്കട കാലത്ത് ഞാന്‍ ഓര്‍ക്കുന്നത് മമ്മുക്കയെയും ശ്രി പിണറായി വിജയനെയും ആണ്. നല്ല കാലങ്ങളില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരല്ല യഥാര്‍ത്ത സുഹൃത്തുക്കള്‍, മറിച്ച് ആപത്തു കാലത്ത് കൈ വിടാതെ നമുക്ക് കൈ തരുന്നവരാണ്.
സാധാരണ ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട് എന്നതാണ് സത്യം. കൊറോണ കാലത്തെ നടപടിക്രമങ്ങള്‍ മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. 20,000/- കോടിയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു തുടക്കം. രോഗ ആശങ്കക്കൊപ്പം ഉയര്‍ന്ന സാമ്ബത്തിക ഭീതിയെ ഇല്ലാതാക്കാന്‍ അത് പര്യാപ്തമായിരുന്നു. നിത്യവൃത്തിക്ക് വേണ്ടി ദിവസകൂലിയെ ആശ്രയിക്കുന്നവരെ സമാശ്വാസിപ്പിക്കുക മാത്രമല്ല, ക്ഷേമപെന്‍ഷനുകള്‍ മുന്‍കൂറായി നല്‍കി അമ്മമാരുടെ സാമ്ബത്തിക ഭദ്രതക്കും ഒരളവോളം സമാശ്വാസം നല്‍കി. കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശ്രയം എത്രയോ ആലബംബഹീനര്‍ക്കു ആശ്രയമായി. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സൗജന്യ അരി, പലവ്യഞ്ജന കിറ്റ് എന്നിവ ഭരണനിപുണതയുടെ മികവായി. പലപ്പോഴും ഒരു കുടുംബനാഥനെ പോലെയായി ശ്രീ പിണറായി വിജയന്‍. ഉപദേശവും ശാസനയും കരുതലും കാരുണ്യവും സുരക്ഷയും എല്ലാവര്‍ക്കും നല്‍കിയത് കൊണ്ട് ഈ കൊറോണ വ്യാപന കാലത്തും കേരളം ഭീതിരഹിതമായി നിലകൊള്ളുന്നു. എന്ത് പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ട് എന്ന തോന്നല്‍ എല്ലാ മലയാളികളിലും പ്രകടമാണ്. എല്ലാത്തിനും കാരണമായി നില്‍ക്കുന്നത് ശ്രീ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ അചഞ്ചലവും അനിഷേധ്യവുമായ നിലപാടുകള്‍. ഒരു നല്ല സുഹൃത്ത്. ഒരു നല്ല സഖാവ്…