KeralaNews

മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

തിരുവനന്തപുരം: യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തു എന്നും തന്നെ  കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ സ്കറിയ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതിയുടെ നിർദേശം. അന്വേഷണവുമായി  സഹകരിക്കുമെന്നും ഷാജൻ കോടതിയെ അറിയിച്ചു.

ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന്  ഹൈക്കോടതി അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്.

പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തുടർന്നു രജിസ്റ്റർ ചെയ്യുന്ന കേസുകൾ അപ്പോൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു.  പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയിുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്.

ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞു. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട്‌ നൽകാനും നിർദ്ദേശം നൽകിയിരുന്നു. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും? മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ  നാലാം തൂണാണ്. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്.

എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ  വീഴ്ചയാണ്. അതിന്‍റെ  പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button