CrimeKeralaNews

ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്താഗതിയുള്ളയാൾ; സാകിർ നായിക്കിന്റെ വിഡിയോകൾ അടക്കം നിരന്തരം കണ്ടിരുന്നു,വിശദാംശങ്ങളുമായി പോലീസ്‌

കോഴിക്കോട്: എലത്തൂർ ട്രെയിൽ തീവെപ്പു കേസിലെ അന്വേഷണം ഒരു വഴിത്തിരിവിൽ എത്തിയിരിക്കയാണ്. കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണ പുരോഗതിയെ കുറിച്ചു വെളിപ്പെടുത്തി എഡിജിപി എം ആർ അജിത് കുമാർ രംഗത്തുവന്നു.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി വ്യക്തമാക്കി. ഷാറൂഖ് തന്നെയാണ് ട്രെയിൻ തീവയ്പ് നടത്തിയത് എന്നതിൽ വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചതായി എഡിജിപി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടതായി എഡിജിപി പറഞ്ഞു. സകീർ നായിക്, ഇസ്സാർ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യണമെന്നു കരുതി, ആസൂത്രണത്തോടെയാണ് സെയ്ഫി കേരളത്തിൽ വന്നതെന്നും എഡിജിപി പറഞ്ഞു.

രണ്ടാഴ്ചത്തെ അന്വേഷണം കൊണ്ട് കുറ്റകൃത്യത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കാനായി. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന നടക്കുകയാണ്, അതിനു കൂടുതൽ സമയം വേണ്ടിവരും. ശാസ്ത്രീയമായാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിന് പ്രതിയിൽനിന്നു ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി എഡിജിപി പറഞ്ഞു.

”അദ്ദേഹം തീവ്രവാദ ചിന്തയുള്ളയാളാണ്, അത്തരം വിഡിയോകൾ കാണുന്ന ശീലമുള്ളയാളാണ്, അദ്ദേഹം വരുന്ന ഏരിയയുടെ പ്രത്യേകത നിങ്ങൾക്കറിയാം. ഇത്തരത്തിലൊരു ആക്ഷൻ ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം വന്നത്, അതാണ് ചെയ്തതും.”- ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് എഡിജിപി പറഞ്ഞു.

ഇരുപത്തിയേഴു വയസ്സുകാരനായ ഷാറൂഖ് സെയ്ഫി നാഷണൽ ഓപ്പൺ സ്‌കൂളിൽ പഠിച്ചയാളാണ്. പ്ലസ് ടുവാണ് വിദ്യാഭ്യാസം. ആദ്യമായാണ് സെയ്ഫി കേരളത്തിൽ വരുന്നതെന്നും എഡിജിപി പറഞ്ഞു. അതേസമയം പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊർണൂരിൽ നിന്നും സഹായം ലഭിച്ചതായി സൂചനകളും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പൊലീസ് വ്യക്തമായ വിവരങ്ങൾ തേടുകയാണ് ചെയ്യുന്നത്.

ചെർപ്പുളശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. സിം ഇല്ലാത്ത മൊബൈൽഫോൺ കടയിൽ വിൽക്കുകയായിരുന്നു. ആ മൊബൈൽഫോൺ കൊണ്ടുവന്നയാളെക്കുറിച്ചും പൊലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊർണൂർ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു യാത്രക്കാർക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തേത്തുടർന്ന് മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പ്രതിയെ പിന്നീട് രത്നഗിരിയിൽനിന്ന് മഹാരാഷ്ട്ര എ.ടി.എസ്. പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു. ഏപ്രിൽ 21-നാണ് പ്രതിയുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button