CricketKeralaNewsSports

‘ഇപ്പോൾത്തന്നെ രണ്ട് മുട്ടകളുടെ ഓംലറ്റ് കഴിച്ചു’; ആദ്യം സഞ്ജു സ്വയം ട്രോളി,പിന്നെ കണ്ടത് വിഷുവെടിക്കെട്ട്‌

അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവരുടെ തട്ടകത്തിൽ നേടിയ വിജയത്തിന്റെ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഉൾപ്പെടെ തോൽപ്പിച്ച ടീമിനെതിരായ വിജയത്തിന്റെ ആഹ്ലാദത്തിനിടെ, സമൂഹമാധ്യമങ്ങളിൽ വൈറലാണ് രാജസ്ഥാന്റെ മലയാളി നായകൻ സ‍ഞ്ജു സാംസണിന്റെ ഇന്നിങ്സും.

തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്നും ടീമിനെ വിജയത്തിലേക്കു കൈപിടിച്ചു കയറ്റിയതിൽ സ‍ഞ്ജുവിന്റെ ഇന്നിങ്സ് നിർണായകമായിരുന്നു. മത്സരത്തിലാകെ 32 പന്തുകൾ നേരിട്ട സ‍‍ഞ്ജു, മൂന്നു ഫോറും ആറു സിക്സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസാണ്. മൂന്നാം വിക്കറ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം 34 പന്തിൽനിന്ന് 43 റൺസ് അടിച്ചെടുത്ത സഞ്ജു, അഞ്ചാം വിക്കറ്റിൽ ഹെറ്റ്മെയറിനൊപ്പം 27 പന്തിൽ 59 റൺസും കൂട്ടിച്ചേർത്തു.

തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നാണക്കേടിനു പിന്നാലെയാണ്, മാച്ച് വിന്നിങ്സ് ഇന്നിങ്സുമായി സ‍ഞ്ജു തിരിച്ചെത്തിയതെന്നതും ശ്രദ്ധേയം. ഡൽഹി ക്യാപിറ്റിൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ സഞ്ജു, തൊട്ടടുത്ത മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വീണ്ടും സം‘പൂജ്യ’നായി. ഇതോടെ രാജസ്ഥാൻ ജഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ  ഡക്കാകുന്ന താരമെന്ന നാണക്കേടും സ‍ഞ്ജുവിന്റെ പേരിലായിരുന്നു. എട്ടു മത്സരങ്ങളിലാണ് സഞ്ജു രാജസ്ഥാൻ ജഴ്സിയിൽ ഡക്കായത്.

രണ്ട് ഡക്കുകളുടെ സമ്മർദ്ദത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയ സഞ്ജു, മത്സരത്തിനു മുന്നോടിയായി തന്റെ ഇരട്ട ഡക്കുകളെക്കുറിച്ച് പരാമർശിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ടോസിനായി എത്തിയപ്പോഴാണ് സ‍ഞ്ജു അതേക്കുറിച്ച് സംസാരിച്ചത്. ഗുജറാത്തിനെതിരായ മത്സരത്തിൽ ടോസ് നേടിയ ശേഷം സംസാരിക്കവെ, ഡാനി മോറിസനോടായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍.

ആവശ്യത്തിന് ഓംലെറ്റ് കഴിച്ചുവെന്നും ഇപ്പോള്‍ തന്നെ രണ്ട് മുട്ടകളായെന്നും പറ‍ഞ്ഞ് സ്വയം ‘ട്രോളിയ’ സ‍ഞ്ജു, ഇനി കുറച്ച് റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള സമയമായെന്നും ചെറു ചിരിയോടെ ചൂണ്ടിക്കാട്ടി. എന്തായാലും കളത്തിലെ തന്റെ മോശം പ്രകടനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച സഞ്ജു, ഗുജറാത്തിനെതിരായ മത്സരത്തിൽ ആ പിഴവുകൾക്ക് പരിഹാരവും ചെയ്തു.

രാജസ്ഥാൻ തോൽക്കുമെന്ന് കടുത്ത ആരാധകർ പോലും കരുതിയ മത്സരം, സഞ്ജുവിന്റെ മികവിലാണ് അവർ രക്ഷിച്ചെടുത്തത്. അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച സഞ്ജു, ഈ സീസണിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സാണ് പുറത്തെടുത്തത്.

‍ഡൽഹിക്കും ചെന്നൈയ്ക്കും എതിരായ മത്സരങ്ങളിൽ ഡക്കായ സഞ്ജുവിനെ രാജസ്ഥാൻ ടീമിലെ സഹതാരം ആര്‍. അശ്വിന്‍ ‘ട്രോളിയ’ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെന്നൈക്കെതിരായ മത്സരത്തിനുശേഷം സംസാരിക്കുമ്പോഴാണ് അശ്വിൻ സഞ്ജുവിനെ ലക്ഷ്യമിട്ടത്. സ്റ്റേഡിയത്തില്‍ സഞ്ജു ഫാന്‍സ് ആര്‍മി ഉണ്ടായിരുന്നെന്നും ഭക്ഷണം കഴിച്ചോയെന്ന് അവര്‍ ചോദിച്ചതായും അശ്വിന്‍ വിഡിയോയിൽ പറയുന്നുണ്ട്.

സഞ്ജു രണ്ട് മുട്ട കഴിച്ചു എന്ന്, രണ്ട് തവണ പൂജ്യത്തിന് പുറത്തായതിനെ പരിഹസിച്ച് അശ്വിൻ പറഞ്ഞു. അശ്വിന്റെ കമന്റിന് ‘മുട്ടയല്ല, ഓംലെറ്റ്’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിനു പിന്നാലെയാണ് ഗുജറാത്തിനെതിരായ മത്സരത്തിനു മുൻപും അതേക്കുറിച്ച് സഞ്ജു പരാമർശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker