NationalNews

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിൽ?ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു

മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു.

കൃഷ്ണ ജന്‍മഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച പള്ളി പൊളിച്ചുനീക്കണമെന്നാണ് ഹരജിയിലെ വാദം. ഹരജി നേരത്തെ മഥുര സിവില്‍ കോടതി തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹരജിയില്‍ വാദം കേള്‍ക്കാനാണ് മഥുര ജില്ലാ കോടതിയുടെ തീരുമാനം. നിലവില്‍ ഹിന്ദു സേന മാത്രമാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. മസ്ജിദ് കമ്മിറ്റി ഉടന്‍ തന്നെ എതിര്‍ ഹരജി സമര്‍പ്പിക്കുമെന്നാണ് സൂചന.

അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുടെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് കമ്മീഷണര്‍മാര്‍ വാരാണസി കോടതിക്ക് കൈമാറി. 15 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ അജയ് പ്രതാപ് സിങ് പറഞ്ഞു. സര്‍വേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി.

ഔറംഗബാദ് ജില്ലയിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം (Aurangzeb’s tomb) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI-എഎസ്‌ഐ) വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര നവനിർമാൺ സേന (MNS-എംഎൻഎസ്) നേതാവിന്റെ ഭീഷണിക്ക് പിന്നാലെയാണ് ശവകുടീരം അടച്ചിടാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ ഔറം​ഗസേബിന്റെ ശവകുടീരം എന്തിനാണെന്നും അത് നശിപ്പിക്കണമെന്നും എംഎൻഎസ് വക്താവ് ഗജാനൻ കാലെ ട്വീറ്റ് ചെയ്തിരുന്നു. 

എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി ശവകുടീരം സന്ദർശിച്ചതിന് പിന്നാലെയാണ് വിവാ​​ദമുടലെടുത്തത്. ഭരണകക്ഷിയായ ശിവസേനയും ബിജെപിയും എംഎൻഎസും അക്ബറുദ്ദീൻ ഒവൈസിക്കെതിരെ രം​ഗത്തെത്തി. ഒവൈസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. സമാധാനപരമായിരുന്ന മഹാരാഷ്ട്രയിൽ പുതിയ വിവാദം സൃഷ്ടിക്കാനാണോ ഇത്തരമൊരു പ്രവൃത്തിയിലൂടെ എഐഎംഐഎം ലക്ഷ്യമിടുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ചോദിച്ചു. വിവാദത്തെ തുടർന്ന് ശവകുടീരം സ്ഥിതി ചെയ്യുന്ന ഔറംഗബാദ് ജില്ലയിലെ ഖുൽദാബാദിലെ സ്മാരക സ്ഥലത്ത് പൊലീസും എഎസ്‌ഐയും സുരക്ഷ വർധിപ്പിച്ചു. 

ഭീഷണിയെ തുടർന്ന് കുറച്ച് ദിവസത്തേക്ക് ശവകുടീരം അടച്ചിടാൻ മസ്ജിദ് കമ്മിറ്റി അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. പിന്നാലെയാണ് അടച്ചിടൽ തീരുമാനവുമായി എഎസ്ഐ രം​ഗത്തെത്തിയത്. മസ്ജിദ് കമ്മിറ്റിയുടെയും പൊലീസിന്റെയും അഭ്യർത്ഥന പ്രകാരം വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ശവകുടീരം അടച്ചിട്ടതായി എഎസ്ഐയുടെ ഔറംഗബാദ് സർക്കിൾ സൂപ്രണ്ട് മിലൻകുമാർ ചൗലി അറിയിച്ചു.  സ്മാരക സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഔറംഗബാദ് റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button