മലപ്പുറം: ഒരു കോടി രൂപയുടെ സ്വർണ മിശ്രിതവുമായി ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി മറിയം ഷഹല തിങ്കളാഴ്ച രാവിലെയായിരുന്നു പോലീസിന്റെ പിടിയിലായത്. 19-കാരിയായ ഷഹല ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായിൽ പോയതെന്നാണ് വെളിപ്പെടുത്തൽ.
ആറ് ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നായിരുന്നു ഷഹല വീട്ടുകാരോട് പറഞ്ഞത്. നുണ പറഞ്ഞ് ദുബായിൽ എത്തിയ പെൺകുട്ടിക്ക് സ്വർണക്കടത്ത് സംഘം പണം നൽകി. തുടർന്നാണ് സ്വർണമിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 19-കാരി കരിപ്പൂരിലെത്തിയത്. 60,000 രൂപയായിരുന്നു ഇതിനായി ഷഹലയ്‌ക്ക് ലഭിച്ച പ്രതിഫലം.
മലപ്പുറം എസ്പി എസ്. സുജിത്തിനായിരുന്നു സ്വർണക്കടത്ത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ഷഹലയ്‌ക്കായി പോലീസ് കാത്തുനിന്നു. ഞായറാഴ്ച രാത്രി പത്തരയ്‌ക്ക് എയർ ഇന്ത്യ എക്‌സ്പ്രസിലാണ് ഷഹല കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുകടന്ന ഷഹലയെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേഹപരിശോധന നടത്തിയതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.
1886 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ തുന്നിപ്പിടിപ്പിച്ചാണ് ഷഹല കൊണ്ടുവന്നത്. സ്വർണ്ണക്കടത്ത് സംഘമാണ് അടിവസ്ത്രം ഇത്തരത്തിൽ തയ്യാറാക്കി പെൺകുട്ടി നൽകിയതെന്ന് പോലീസ് പറയുന്നു. മൂന്ന് പാക്കറ്റുകളിലായിട്ടായിരുന്നു സ്വർണം. ആദ്യമായാണ് ഷഹല സ്വർണക്കടത്തിന് ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.