24.6 C
Kottayam
Monday, May 20, 2024

മധ്യപ്രദേശില്‍ ഷാരൂഖിന്‍റെ ‘പഠാന്‍’ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും?; സൂചന നല്‍കി ബിജെപി മന്ത്രി

Must read

ഭോപ്പാല്‍: ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ബോളിവുഡില്‍ വിജയിച്ചത്. നിര്‍മ്മാതാക്കള്‍ എപ്പോഴും മിനിമം ഗ്യാരന്‍റി കല്‍പ്പിക്കാറുള്ള അക്ഷയ് കുമാറിനു പോലും മുന്‍പത്തെ നിലയിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുന്നില്ല. 

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. അതേ സമയം ചിത്രത്തിനെതിരെ മധ്യപ്രദേശ് സര്‍ക്കാറിനെ മന്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

പഠാന്‍റെ മധ്യപ്രദേശത്തിലെ പ്രദര്‍ശനം തന്നെ നിരോധിച്ചിച്ചേക്കും എന്ന സൂചനയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നല്‍കുന്നത്. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പഠാൻ’ എന്ന സിനിമ പിഴവുകൾ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ വരികൾ, പാട്ടിൽ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങൾ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍ക്കാറിന് ആലോചിക്കേണ്ടിവരും’  മന്ത്രി നരോത്തം മിശ്ര പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. ബെഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ നായിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനം. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ഒരു സീനില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ പ്രചരണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതലും ട്വീറ്റുകള്‍. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ചും  മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര തന്‍റെ അഭിപ്രായവുമായി രംഗത്ത് എത്തി.  ആമിർ ഖാൻ കലശ പൂജ നടത്തിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഒരാൾക്ക് ഏത് ദൈവത്തെയും ആരാധിക്കാം, എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്. 

“സമൂഹം ഇപ്പോള്‍ ബോധമുള്ളവരുടെതാണ്. ഈ താരങ്ങള്‍  ഇത് മനസ്സിലാക്കിയാൽ അവര്‍ക്ക് നല്ലതാണ്. എല്ലാവർക്കും അവരവരുടെ വിശ്വാസപ്രകാരം ആരാധിക്കാൻ അവകാശമുണ്ട്. ഒരാൾക്ക് ഏത് ദൈവത്തെയും ആരാധിക്കാം, എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്” നരോത്തം മിശ്ര പറഞ്ഞു. ഷാരൂഖ് ഖാന്റെ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ച്  കുറിച്ച് ചോദിച്ചപ്പോൾ ഒരു വാര്‍ത്ത സമ്മേളനത്തിലാണ് ബിജെപി മന്ത്രിയുടെ പരാമര്‍ശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week